മംഗളുരു (കർണാടക): കർണാടകയിൽ ആദ്യത്തെ കഴുത ഫാം ആരംഭിച്ചിരിക്കുകയാണ് ദക്ഷിണ കന്നഡ സ്വദേശിയായ 42കാരൻ ശ്രീനിവാസ ഗൗഡ. പലപ്പോഴും ആളുകൾ അവജ്ഞയോടെ കാണുന്ന കഴുതയുടെ മൂല്യം തിരിച്ചറിഞ്ഞാണ് ഗൗഡ കഴുത ഫാമിലേക്ക് തിരിഞ്ഞത്. ജൂൺ 8നായിരുന്നു ഗൗഡയുടെ ഫാമിന്‍റെ ഉദ്‌ഘാടനം.
ബിഎ ബിരുദധാരിയായ ഗൗഡ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് 2020ലാണ് ഇറ ഗ്രാമത്തിലെ 2.3 ഏക്കർ സ്ഥലത്ത് ഫാമുകൾ, സംയോജിത കൃഷി, മൃഗസംരക്ഷണം, വെറ്റിനറി സേവനങ്ങൾ, പരിശീലനം, കാലിത്തീറ്റ വികസന കേന്ദ്രം എന്നിവ ആരംഭിച്ചത്. ആട് വളർത്തലിൽ തുടങ്ങിയ ഫാമിൽ ഇപ്പോൾ മുയലുകളും കടക്‌നാഥ് കോഴികൾ വരെയുണ്ട്. പിന്നീടാണ് കഴുത ഫാം കൂടി തുടങ്ങാനുള്ള ആലോചന ഉണ്ടായത്. 20 കഴുതകളാണ് ഗൗഡയുടെ ഫാമിലുള്ളത്.
വാഷിങ് മെഷീനുകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തത്തോടെ കഴുതകളെ തുണി അലക്കിന് ഉപയോഗിക്കുന്നത് ഉപയോഗിക്കുന്നത് ഇല്ലാതായെന്നും അത് രാജ്യത്ത് കഴുതകളുടെ എണ്ണം കുറയുന്നതിന് കാരണമായെന്നും അദ്ദേഹം പറയുന്നു. കഴുത ഫാം എന്ന ആശയം പങ്കുവച്ചപ്പോൾ നിരവധി പേർ തന്നെ കളിയാക്കി. എന്നാൽ കഴുതയുടെ പാൽ വളരെ രുചികരവും വിലയേറിയതും ഔഷധമൂല്യമുള്ളതുമാണെന്ന് ഗൗഡ പറയുന്നു.