തിരുനെല്‍വേലി :ബിരുദ പഠനത്തിന് അയച്ച ബാബു എന്ന ചെറുപ്പക്കാരന്‍ ഒരു ദിവസം പഠനം നിര്‍ത്തി കഴുതകളെ വളര്‍ത്താന്‍ തുടങ്ങി. സംഭവം അറിഞ്ഞ ചിലര്‍ ബാബുവിനെ കഴുതയെന്ന് വിളിച്ച് കളിയാക്കി. പരിഹാസങ്ങളെ ഒരു ചെറു ചിരിയോടെ നേരിട്ട ബാബു കഴുത വളര്‍ത്തല്‍ തുടര്‍ന്നു. അന്ന് നാട്ടുകാര്‍ പരിഹസിച്ച ചെറുപ്പക്കാരനെ തേടി ഇന്ന് എത്തുന്നത് പ്രമുഖ മള്‍ട്ടി നാഷണല്‍ സൗന്ദര്യ വര്‍ധക വസ്തു നിര്‍മാതാക്കളും വന്‍കിട ബിസിനസ് ഭീമന്മാരുമാണ്.
ബാബുവിന്‍റെ കഴുത ഫാം ഇന്ന് തമിഴ്നാട്ടില്‍ ഹിറ്റാണ്. ബാബുവിന്‍റെ 14ാത് കഴുത ഫാമിന്‍റെ ഉദ്ഘാടനം തിരുനെല്‍വേലി കലക്ടര്‍ വിഷ്ണു നിര്‍വഹിച്ചു. നൂറ് കണക്കിന് കഴുതകളാണ് ഇന്ന് ബാബുവിന്‍റെ ഫാമിലുള്ളത്. കഴുതപ്പാലാണ് ബാബുവിന്‍റെ പ്രധാന വരുമാന മാര്‍ഗം. ഒരു ലിറ്റര്‍ കഴുതപ്പാലിന് മാര്‍ക്കറ്റില്‍ ഇന്ന് 7000 രൂപക്ക് മുകളിലാണ് വിലയുണ്ടെന്ന് കലക്ടര്‍ വിഷ്ണു പറയുന്നു.
എന്താണ് കഴുതപ്പാലിന് ഇത്രയും വില കൂടാന്‍ കാരണം എന്ന് ചിന്തിക്കുന്നവരുണ്ടാകും. ലോകത്ത് ഏറ്റവും വലിയ മത്സരം നടക്കുന്ന ഇടമാണ് കോസ്മെറ്റിക്സ് നിര്‍മാണരംഗം. സൗന്ദര്യ വര്‍ധക വസ്തു നിര്‍മാണത്തിന് ആവശ്യമുള്ള അസംസ്കൃത വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കഴുതപ്പാല്‍. ഇതില്‍ നിന്നാണ് പല കമ്പനികളും സോപ്പ്, ഫേഷ്യലുകള്‍ തുടങ്ങിയ പല കോസ്മെറ്റിക്ക് വസ്തുക്കളും നിര്‍മിക്കുന്നത്.