ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് ഡങ്കിപ്പനി മൂലമുള്ള ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തലസ്ഥാനത്തെ ഡങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 720ലേക്ക് ഉയർന്നതായി തലസ്ഥാന നഗരസമിതി അറിയിച്ചു. 382 കേസുകളും ഒക്‌ടോബർ ഒന്ന് മുതൽ 16 വരെയാണ് റിപ്പോർട്ട് ചെയ്‌തത്.
2018 മുതലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഒക്‌ടോബർ 9 വരെ ഈ വർഷം 480 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ 243 കേസുകളും ഒരാഴ്‌ചക്കിടെയാണ്.
2020 വർഷത്തിൽ ഡൽഹിയിൽ 1072 കേസുകളും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. ഈ വർഷം ഫെബ്രുവരി മുതലാണ് ഡൽഹിയിൽ ഡങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തുതുടങ്ങിയത്. രണ്ട് കേസുകളാണ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തത്. മാർച്ച് 5, ഏപ്രിൽ 10, മെയ് 12, ജൂൺ 7, ജൂലൈ 16, ഓഗസ്റ്റ് 72 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഡങ്കിപ്പനിയുടെ കണക്കുകൾ.