ഫിറോസാബാദ്:അലിഗഡിന്‍റെ പേര് ഹരിഗഡ് എന്ന് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫിറോസാബാദിന്‍റെ പേര് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ചന്ദ്രനഗര്‍ എന്നാകും ഫിറോസാബാദിന്‍റെ പുതിയ പേര്. ജില്ല പഞ്ചായത്തും മുനിസിപ്പാലിറ്റിയും പുതിയ പേര് മാറ്റ നിര്‍ദ്ദേശം അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ അംഗീകാരത്തിന് അയക്കുമെന്നാണ് ജില്ല പഞ്ചായത്ത് അധികൃതർ പറയുന്നത്.
ചന്ദ്രവാർ എന്നായിരുന്നു ഫിറോസാബാദിന്‍റെ പഴയപേര്. നഗരത്തില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ യമുന നദീതീരത്ത് ചന്ദ്രവാര്‍ എന്നൊരു ഗ്രാമമുണ്ട്. തകര്‍ന്ന വീടുകളും കോട്ടകളും ഇപ്പോഴും ഈ ഗ്രാമത്തിലുണ്ട്. 1566ല്‍ അക്ബറിന്‍റെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെ മന്‍സബ്‌ദാറായിരുന്ന ഫിറോസ് ഷാ ആണ് നഗരത്തിന്‍റെ പേര് ഫിറോസാബാദ് എന്നാക്കി മാറ്റിയതെന്നും മുനിസിപ്പാലിറ്റി അധികൃതർ പറയുന്നു.
ചന്ദ്രസേന രാജാവിന്‍റെ കാലത്ത് ഈ ഗ്രാമം സമ്പന്നമായിരുന്നു എന്നതിന്‍റെ തെളിവുകളാണിവയെന്നാണ് മുനിസിപ്പല്‍ കോർപ്പറേഷൻ ഇപ്പോൾ പറയുന്നത്. അദ്ദേഹത്തിന്‍റെ കാലത്തെ ചില ജൈന ക്ഷേത്രങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. ഈ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിന്‍റെ പേരും ചന്ദ്രവാര്‍ കവാടം എന്നാണ്. village named chadrawar പേര് മാറ്റത്തിനുള്ള പ്രമേയം ജില്ല പഞ്ചായത്ത് 2021 ആഗസ്റ്റില്‍ പാസാക്കിയതാണെന്ന് നഗരസഭ മേയര്‍ കാമിനി റാത്തോഡ് പറഞ്ഞു. അംഗീകാരം ലഭിച്ച പ്രമേയം സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി അയച്ചെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം ഇനിയും എടുത്തിട്ടില്ല.
ചീഫ് സദര്‍ ലക്ഷ്മി നാരാണ്‍ യാദവ് ആണ് വീണ്ടും കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍വാഹക സമിതി യോഗത്തില്‍ പേര് മാറ്റ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. നിര്‍വാഹകസമിതിയിലെ പന്ത്രണ്ടില്‍ പതിനൊന്ന് പേരും ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.