ന്യൂഡൽഹി : ഡല്‍ഹി സാകേത് കോടതി വളപ്പിൽ വെടിവയ്‌പ്പ്. കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന രാധ എന്ന യുവതിക്ക് വെടിയേറ്റു. സസ്പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകന്‍ കാമേശ്വർ പ്രസാദ് സിങ്ങാണ് വെടിയുതിർത്തത്. ഇരുവരും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കത്തിലായിരുന്നു എന്നാണ് സൂചന.
ഡല്‍ഹി സാകേത് കോടതിയിൽ വെടിവയ്‌പ്പ് ; സ്‌ത്രീയ്‌ക്ക് ഗുരുതര പരിക്ക്, വെടിയുതിര്‍ത്തത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഭിഭാഷകന്‍ - ലൈസന്‍സ് റദ്ദാക്കപ്പെട്ട അഭിഭാഷകന്‍
ലൈസന്‍സ് റദ്ദാക്കപ്പെട്ട അഭിഭാഷകന്‍ കാമേശ്വർ പ്രസാദ് സിങ്ങാണ് വെടിയുതിർത്തത്. വെടിയേറ്റ സ്‌ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമി നാല് റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസം മുൻപാണ് ഡൽഹി ബാർ കൗൺസിൽ കാമേശ്വർ പ്രസാദ് സിങ്ങിന്‍റെ ലൈസൻസ് റദ്ദാക്കിയത്. ഇതേ കോടതിയിലാണ് വെടിയേറ്റ രാധയും പ്രാക്‌ടീസ് ചെയ്യുന്നതെന്ന് സാകേത് ബാർ അസോസിയേഷൻ മുൻ പ്രസിഡന്‍റ് കർണയിൽ സിങ് പറഞ്ഞു.
പ്രവേശന കവാടത്തിലെ എല്ലാവരെയും സ്‌കാനർ ഉപയോഗിച്ച് സ്‌കാൻ ചെയ്‌തതിന് ശേഷമാണ് കോടതിക്കുള്ളിലേക്ക് കടത്തി വിടുക. ഈ സാഹചര്യത്തില്‍ പ്രതിക്ക് ആയുധവുമായി എങ്ങനെ കോടതിക്കുള്ളിൽ എത്താൻ കഴിഞ്ഞുവെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മുൻ അഭിഭാഷകൻ എന്നത് മുതലെടുത്ത് സുരക്ഷ പരിശോധനയ്‌ക്ക് വിധേയനാകാതെ പ്രതി നേരിട്ട് കോടതി വളപ്പിലെത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ക്രൈം ടീമും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.