ഫലക്‌നുമ എക്‌സ്‌പ്രസില്‍ വൻ തീപിടിത്തം സെക്കന്തരാബാദ്:ഫലക്‌നുമ എക്‌സ്‌പ്രസില്‍ വൻ തീപിടിത്തം. നാല് ബോഗികള്‍ക്കാണ് തീപിടിച്ചത്. ഈ കോച്ചുകളെല്ലാം പൂർണമായും കത്തിയതായാണ് വിവരം. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപള്ളിക്കും ബൊമ്മൈപളളിക്കും ഇടയിലാണ് അപകടമുണ്ടായത്. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ റെയില്‍വേ അധികൃതര്‍ യാത്രക്കാരെ സമയോചിതമായി ഒഴിപ്പിച്ചതിനാല്‍ വൻ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. കോച്ചില്‍ നിന്ന് പുകയും തീയും ഉയര്‍ന്നതോടെ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. ഇതിന് ശേഷമാണ് തീ കൂടുതല്‍ ബോഗികളിലേക്ക് പടര്‍ന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ റെയില്‍വേ അധികൃതരും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്കുള്ള ട്രെയിനാണ് ഫലക്‌നുമ എക്‌സ്പ്രസ്.
ഹൗറയിൽ നിന്ന് പുറപ്പെട്ട ഫലക്‌നുമ എക്‌സ്‌പ്രസ് സെക്കന്തരാബാദില്‍ എത്തുന്നതിന് ഏതാനും കിലോമീറ്ററുകള്‍ കൂടി ശേഷിക്കെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിന്‍റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. പിന്നീട് അപകടത്തില്‍പ്പെട്ട കോച്ചുകള്‍ വേര്‍പെടുത്തുകയും സുരക്ഷ പരിശോധനകള്‍ ഉറപ്പാക്കുകയും ചെയ്‌ത ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു എന്നാണ് വിവരം.
രാജസ്ഥാനില്‍ അടുത്തിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഡബിള്‍ ഡെക്കര്‍ കോച്ചിലെ ചക്രത്തിന് തീപിടിച്ചിരുന്നു. റെയില്‍വേ അധികൃതര്‍ കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ടാണ് വന്‍ ദുരന്തമൊഴിവായത്. ഇക്കഴിഞ്ഞ എപ്രില്‍ 17നായിരുന്നു സംഭവം. ഡല്‍ഹി ജയ്‌പൂര്‍ റൂട്ടില്‍ ഓടുന്ന സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനിനായിരുന്നു തീപിടിച്ചത്. കോച്ചിന് തീപിടിത്തമുണ്ടായി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്ന് ബസ്‌വ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.
തീപിടിത്തമുണ്ടായ കോച്ചില്‍ അറ്റകുറ്റപണി നടത്തിയ ശേഷം എഞ്ചിനിയര്‍മാര്‍ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കി. തുടര്‍ന്ന് തീപിടിത്തം മൂലമുളള തകരാറുകള്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര പുറപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് ട്രെയിനിന്‍റെ ചക്രത്തില്‍ നിന്ന് തീപടര്‍ന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരാഖണ്ഡില്‍ എല്‍പിജി സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് 40 സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയില്‍ ജൂണ്‍ 29നാണ് സംഭവം. അപകടത്തില്‍ നിന്ന് ഡ്രൈവറും ഓപ്പറേറ്ററും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ സിലിണ്ടറുകള്‍ വളരെ ദൂരത്തേക്ക് തെറിച്ചിരുന്നു.
ട്രക്കിന് തീപിടിച്ച വലിയ ശബ്‌ദം കേട്ട് പ്രദേശത്ത് ഓടിക്കൂടിയ ആളുകള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാത്ത വിധം ആളിപ്പടരുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് ട്രക്ക് പൂര്‍ണമായും കത്തിനശിച്ചത്. ഗന്‍സാലി ഭാഗത്തേക്ക് എല്‍പിജി സിലിണ്ടറുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സ്‌ഫോടത്തിന് പിന്നാലെ പ്രദേശത്താകെ പുക പടര്‍ന്നതിനെ തുടര്‍ന്ന് അന്ന് കാണ്ടിഖലിന് സമീപം തെഹ്‌രി-ശ്രീനഗര്‍ റോഡില്‍ താത്‌കാലികമായി ഗതാഗതം നിരോധിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രദേശത്ത് പെയ്‌ത മഴ, തീ വേഗത്തില്‍ അണയാന്‍ സഹായകമായി.