കൃഷ്‌ണഗിരി(തമിഴ്‌നാട്):പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒന്‍പത് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കൃഷ്‌ണഗിരി ജില്ലയിലെ പളയപേട്ടൈ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകട വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിരക്ഷ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഗോഡൗണ്‍ ഉടമസ്ഥനായ രവി(45), ഭാര്യ ജയശ്രീ(40), റിതിക(17), റിതേഷ്(15), ഇമ്പ്ര(22), സിമ്രാന്‍(20, സരസു(50), രാജേശ്വരി(50), ശിവരാജ്(24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ കൃഷ്‌ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്‌ണഗിരി ജില്ല കലക്‌ടര്‍ സരയൂ, പൊലീസ് സൂപ്രണ്ട് സരോജ് കുമാര്‍ ടാഗോര്‍, കൃഷ്‌ണഗിരി എംഎല്‍എ അശോക് കുമാര്‍, റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് ഗോഡൗണിന് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. 2020ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗോഡൗണ്‍ എല്ലാ വര്‍ഷവും നിരന്തരം പുനര്‍നിര്‍മാണം ചെയ്‌തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്‌ടറിക്ക് സമീപത്ത് കൂടി നടന്നുപോകുകയായിരുന്ന രണ്ട് കാല്‍നടയാത്രക്കാരും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഗുരുതരമല്ലാത്ത പരിക്കുകള്‍ ഉള്ളവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്വകാര്യ കമ്പനിയില്‍ തീപിടിത്തം: അതേസമയം, ജൂലൈ 11ന് ഹൈദരാബാദിന്‍റെ പരിസര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കമ്പനിയില്‍ തീപിടിത്തമുണ്ടായിരുന്നു. രംഗറെഡ്ഡി ജില്ലയിലെ ബുര്‍ഗുള പ്രദേശത്തിന് സമീപം ശ്രീനാഥ് റൊട്ടോ പാക്ക് പ്രൈവറ്റ് ലിമിറ്റഡിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 14 ജീവനക്കാര്‍ക്കായിരുന്നു പരിക്കേറ്റത്. ഇവരെ ഷാദ് നഗര്‍ സര്‍ക്കാര്‍ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജീവനക്കാരില്‍ 11 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഒസ്‌മാനിയ ആശുപത്രിയിലും ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഗ്യാസ് പൊട്ടിത്തെറിക്കുവാനിടയായ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമല്ല.