ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോഹില്‍ പടക്ക നിര്‍മാണ ഫാക്‌ടറിയില്‍ തീപിടിത്തം. ഫാക്‌ടറി ഉടമ അടക്കം മൂന്ന് പേര്‍ മരിച്ചു. ഉടമ വൈഭവ് ഗുപ്‌ത, ഫാക്‌ടറിയിലെ ജീവനക്കാരിയായ പൂജ ഖാതിക് മറ്റൊരു സ്‌ത്രീ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല (Fire Caught In Firecracker Manufacturing Unit).
അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് (ഒക്‌ടോബര്‍ 31) രാവിലെയായിരുന്നു അപകടം. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ആശങ്ക പടര്‍ന്നു. പൊലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏറെ സമയമെടുത്താണ് ഫാക്‌ടറിയിലെ തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമായതിന് ശേഷമാണ് ഫാക്‌ടറി അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ രണ്ട് സ്‌ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയത് .
സ്ഥലം സന്ദര്‍ശിച്ച് ജില്ല കലക്‌ടര്‍:ജില്ല കലക്‌ടര്‍ മായങ്ക് അഗര്‍വാള്‍ അപകടത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ചു. അനധികൃതമായാണ് സ്ഥലത്ത് പടക്ക നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു. അപകടത്തിനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കലക്‌ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
മധ്യപ്രദേശില്‍ എണ്ണ ഫാക്‌ടറിയിലും തീപിടിത്തം:ഇക്കഴിഞ്ഞ 17നാണ് മധ്യപ്രദേശിലെ എണ്ണ ഫാക്‌ടറിയില്‍ തീപിടിത്തമുണ്ടായത്. ഗ്വാളിയോറിലെ വ്യാവസായിക മേഖലയിലുള്ള ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. രാത്രിയിലാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു.