മുംബൈ: മുംബൈയിലെ ഗൊരേഗാവ് മേഖലയിൽ വൻ തീപിടിത്തം (Fire Breaks Out In Mumbai). രണ്ട് കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ എട്ട് പേർ മരിച്ചു. 51 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുലർച്ചെ 3.05നാണ് മുംബൈയിലെ ഗൊരേഗാവ് ഏരിയയിലെ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത് (Mumbai Goregaon Fire).
ഗോരേഗാവ് വെസ്റ്റിലെ 7 നിലകളുള്ള ജയ് ഭവാനി ബിൽഡിംഗിലാണ് തീപടർന്നത്. കെട്ടിടത്തിന് കീഴെ പാർക്ക് ചെയ്‌തിരുന്ന മുപ്പതോളം വാഹനങ്ങൾ കത്തിനശിച്ചു. പരിക്കേറ്റവരെ ജോഗേശ്വരി, ജുഹു എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ബിഎംസിയുടെ എട്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. തീപിടിത്തം ഉണ്ടായതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.
നാഗപട്ടണം ജില്ലയിൽ പടക്ക കടയിൽ തീപിടിത്തം: തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഒക്‌ടോബർ 4ന് തീപിടിത്തം ഉണ്ടായിരുന്നു. പടക്ക നിർമാണത്തിനിടെ സ്‌ഫോടനം ഉണ്ടാകുകയും നാല് പേർക്ക് ജീവൻ നഷ്‌ടപ്പെടുകയുമായിരുന്നു. ദീപാവലിക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം. പ്രദേശത്തെ തൊഴിലാളികൾ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് പെട്ടെന്ന് തീപിടിച്ചത്.