ഭോപ്പാൽ :മധ്യപ്രദേശിൽ എണ്ണ ഫാക്‌ടറിയിൽ വൻ തീപിടിത്തം (Fire Breaks Out At Oil Factory). ഗ്വാളിയോറിലെ വ്യാവസായിക മേഖലയിലുള്ള ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ഇന്നലെ (6.10.2023) രാത്രിയാണ് അപകടം ഉണ്ടായത്.
മുംബൈയിൽ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തം : ഇന്നലെ പുലർച്ചെയാണ് മഹാരാഷ്‌ട്ര മുംബൈയിലെ ഗൊരേഗാവ് മേഖലയിൽ വൻ തീപിടിത്തമുണ്ടായത് (Fire Breaks Out In Mumbai). രണ്ട് കുട്ടികളും സ്‌ത്രീകളും ഉൾപ്പടെ എട്ട് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. 51 പേർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ 3.05നാണ് മുംബൈയിലെ ഗൊരേഗാവ് ഏരിയയിലെ ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത് (Mumbai Goregaon Fire).
കെട്ടിടത്തിന് താഴെ പാർക്ക് ചെയ്‌തിരുന്ന മുപ്പതോളം വാഹനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പടക്കനിർമാണശാലയിൽ സ്‌ഫോടനം :ഒക്‌ടോബർ നാലിനാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ പടക്ക നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരണപ്പെട്ടത്. ദീപാവലിക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രദേശത്തെ തൊഴിലാളികൾ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത് (4 People Die After Explosion In Firecracker Factory). പടക്ക നിർമാണത്തിനിടെ പെട്ടെന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് സ്ഫോടക വസ്‌തുക്കൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയും നാല് തൊഴിലാളികൾ സംഭവസ്ഥലത്ത് മരിക്കുകയുമായിരുന്നു.
100 മീറ്ററോളം ദൂരത്തിൽ വിവിധ സ്ഥലങ്ങളിലായി മൃതദേഹത്തിന്‍റെ ഭാഗങ്ങൾ ചിതറിത്തെറിച്ചു. അപകട സമയത്ത് ഫാക്‌ടറിക്കുള്ളിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സയ്ക്കായി നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.