ന്യൂഡല്‍ഹി :വീടിന് തീപിടിച്ച് ആറ് മരണം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീതംപുരയിലാണ് അപകടം. നാല് സ്‌ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ (ജനുവരി 18) രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കെട്ടിട സമുച്ചയത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന്, ഒന്നാം നിലയ്‌ക്ക് മുകളിലുള്ള മൂന്ന് നിലകളിലേക്കും തീ പടരുകയായിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ഏഴ് ഫയര്‍ യൂണിറ്റുകള്‍ എത്തിച്ചാണ് തീയണയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥലത്ത് നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഏഴ് പേരെയാണ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് നിന്നും പൊലീസിന്‍റെ സഹായത്തോടെ രക്ഷിച്ചത്.
ഇതില്‍ ആറ് പേരും ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നുവെന്ന് ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.