ഹൈദരാബാദ്: തെലങ്കാനയിലെ കുഷൈഗുഡയിൽ തടി ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ യാദാദ്രി ഭുവനഗിരി ജില്ലയിലെ തുംഗതുർത്തി സ്വദേശികളായ നരേഷ് (35), സുമ (28), ജോഷിത്ത് (5) എന്നിവരാണ് മരിച്ചത്.
ഡിപ്പോയിലുണ്ടായ അഗ്‌നിബാധ തൊട്ടടുത്ത് താമസിച്ചിരുന്ന ഇവരുടെ കെട്ടിടത്തിലേയ്‌ക്ക് പടർന്നതാണ് അപകടത്തിന് കാരണമായത്. ദമ്പതികളുടെ മൂത്തമകൻ ബന്ധുവീട്ടിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. തടി ഡിപ്പോയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.