ചെന്നൈ: ബനിയന്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്‌ടം. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള രായപുരത്തെ ഖാദര്‍പേട്ട ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ബനിയന്‍ മാര്‍ക്കറ്റിലാണ് വെള്ളിയാഴ്‌ച രാത്രി തീപിടിത്തമുണ്ടായത്. ഖാദര്‍പേട്ട് ബസാര്‍ എന്നറിയപ്പെടുന്ന ബനിയന്‍ മാര്‍ക്കറ്റില്‍ 50 ലധികം ഹോള്‍സെയില്‍ റീട്ടെയില്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ആളപായമില്ല.
അപകടം ഇങ്ങനെ:പതിവുപോലെ കഴിഞ്ഞദിവസം കച്ചവട സ്ഥാപനങ്ങളെല്ലാം രാത്രി ഒമ്പത് മണിയോടെ അടച്ച് ജീവനക്കാര്‍ മടങ്ങി. അല്‍പസമയത്തിനിപ്പുറമാണ് ബനിയന്‍ ബസാറില്‍ വന്‍ അഗ്നിബാധയുണ്ടായത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ സമീപവാസികള്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുപ്പൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍ സൗത്ത്, അവിനാശി, പല്ലടം എന്നീ പ്രദേശങ്ങളില്‍ നിന്നും അഗ്നിശമന സേന യൂണിറ്റുകള്‍ അപകടസ്ഥലത്തെത്തി തീയണയ്‌ക്കാന്‍ ശ്രമം തുടങ്ങി.
തീയണയ്‌ക്കാന്‍ മാത്രം പര്യാപ്‌തമായ ജലമില്ലാത്തതിനാല്‍ തന്നെ ഈ ശ്രമം പൂര്‍ണമാക്കാനായില്ല. തുടര്‍ന്ന് നഗരസഭയുടെ വാട്ടർ ട്രക്കുകളുടെയും സ്വകാര്യ വാഹനങ്ങളുടെയും സഹായത്തോടെ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടകളെല്ലാം തന്നെ അടച്ചുപോയതിനാല്‍ ജീവനക്കാര്‍ ആരും സ്ഥലത്തില്ലാത്തതോടെ വലിയ അപകടമാണ് ഒഴിവായത്.
അപകടം ഇങ്ങനെ:ഖാദർപേട്ട് ബസാറില്‍ തീപിടിത്തമുണ്ടായതിനെ തുടർന്ന് തിരുപ്പൂർ സൗത്ത് മണ്ഡലം എംഎല്‍എ സെൽവരാജ്, ജില്ല കലക്‌ടർ ക്രിസ്‌ത് രാജ്, സബ് കലക്‌ടർ ശ്രുതൻ ജയ് നാരായണൻ, കോർപ്പറേഷൻ കമ്മിഷണർ പവൻ കുമാർ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. നാശനഷ്‌ടത്തിന്‍റെ മൂല്യം പരിശോധിച്ച് നഷ്‌ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.