ശ്രീനഗർ : ജമ്മുവിലെ വിമാനത്താവളങ്ങളിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജി) സ്ഥലം സന്ദർശിച്ചു.
അന്വേഷണം നടക്കുന്നുണ്ടെന്നും, ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നിലവിൽ ബംഗ്ലാദേശിലുള്ള വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും വ്യോമസേന ഉദ്യോഗസ്ഥർ അറിയിച്ചു.
Read More:ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ വി.ആർ. ചൗധരി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ ഒരു സംഘവും നേരത്തെ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇരട്ട പ്രഹരത്തിനായി ഉപയോഗിച്ചത് ഡ്രോണുകൾ
പുലർച്ചെ 1.27നും 1.32നും ആയിരുന്നു സ്ഫോടനങ്ങൾ. ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമണം നടത്തിയത്. നിർത്തിയിട്ടിരുന്ന വിമാനങ്ങളായിരുന്നു ഡ്രോണുകളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് സാരമല്ലാത്ത പരിക്കുകളുണ്ട്.
സ്ഫോടനങ്ങളിൽ ഒന്ന് കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ തോതിൽ നാശനഷ്‌ടമുണ്ടാക്കിയെന്നും മറ്റൊന്ന് തുറന്ന സ്ഥലത്തായതിനാൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും വ്യോമസേന ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വൈസ് എയർ ചീഫ് എയർ മാർഷൽ എച്ച്.എസ്. അറോറയുമായി സംസാരിച്ചിരുന്നു. എയർ മാർഷൽ വിക്രം സിങ് ഉടൻ ജമ്മുവിലെത്തുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.
വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ ഗതിയിൽ
അതേസമയം, എല്ലാ വിമാന സർവീസുകളും സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നും 16 വിമാനങ്ങൾ ഡൽഹി, ശ്രീനഗർ, ലേ, ഗ്വാളിയോർ എന്നിവിടങ്ങളിലേക്ക് പുറപ്പെടുമെന്നും ജമ്മു വിമാനത്താവള അധികൃതർ അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ ജി8 185, എസ്‌ജി 963 എന്നീ രണ്ട് വിമാനങ്ങൾ മാത്രമാണ് റദ്ദാക്കിയത്.