മുംബൈ:മുംബൈ-ഗാന്ധിനഗര്‍ റൂട്ടില്‍ ഓടുന്ന അര്‍ധ അതിവേഗ ട്രെയിന്‍ വന്ദേഭാരത് എക്‌സ്‌പ്രസിന് കുറുകെ ചാടിയ പോത്തുകളുടെ ഉടമകള്‍ക്കെതിരെ ആര്‍പിഎഫ്( Railway Protection Force) കേസെടുത്തു. പോത്തുകളെ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്‍റെ ഡ്രൈവര്‍ കോച്ചിന്‍റെ നോസ് കോണ്‍ കവറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തകര്‍ന്ന നോസ് കോണ്‍ കവര്‍ മാറ്റിയിട്ടുണ്ടെന്ന് പശ്ചിമ റെയില്‍വെ അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് വച്ച് വ്യാഴാഴ്‌ച(ഒക്‌ടോബര്‍ 6) രാവിലെ 11.15ഓടുകൂടിയാണ് ട്രെയിന്‍ പോത്തിന്‍കൂട്ടത്തെ ഇടിച്ചത്. ഇടിയില്‍ നാല് പോത്തുകള്‍ ചത്തു. പോത്തുകളുടെ ഉടമസ്ഥര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വെയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനും അതിന്‍റെ ആസ്ഥികള്‍ ദുരുപയോഗം ചെയ്യുന്നതിനും എതിരെയുള്ള റെയില്‍വെ നിയമത്തിലെ 147-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എഫ്‌ആര്‍പി(fiber-reinforced plastic) കൊണ്ട് നിര്‍മിച്ച നോസ്‌കവര്‍ അപകടത്തില്‍ തകര്‍ന്നെങ്കിലും ട്രെയിനിന്‍റെ പ്രധാന ഭാഗങ്ങള്‍ക്കൊന്നും യാതൊരും തകരാറും സംഭവിച്ചില്ല. അപകടം നടന്നതിന് ശേഷവും നോസ് കവര്‍ ഇല്ലാതെ ട്രെയിന്‍ യാത്ര ചെയ്‌തു. അപകടം ഉണ്ടായാല്‍ അതിന്‍റെ ആഘാതം മൊത്തം ആഗിരണം ചെയ്‌ത് ട്രെയിനിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് എത്താത്ത തരത്തിലാണ് നോസ് കോണ്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. വന്ദേഭാരതിന്‍റെ മുംബൈ-ഗാന്ധിനഗര്‍ സര്‍വിസ് സെപ്റ്റംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്‌തത്. തദ്ദേശീയമായി വികസിപ്പിച്ച വന്ദേഭാരത് ട്രെയിനിന്‍റെ രാജ്യത്തെ മൂന്നാമത്തെ സര്‍വിസാണ് ഇത്. ഒക്ടോബര്‍ ഒന്നിനാണ് മുംബൈ-ഗാന്ധിനഗര്‍ റൂട്ടിലെ വന്ദേഭാരതിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വിസ് ആരംഭിച്ചത്.