പ്രയാഗ്‌രാജ് (യുപി): ഉത്തർപ്രദേശില്‍ ഈദ് ആശംസിച്ച് 20 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്. വിശ്വ ഹിന്ദ് പരിഷത്ത് നേതാവ് ലാല്‍ മണി തിവാരിയാണ് ജൂസിയിലുള്ള ന്യായ നഗര്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഡോ. ബുഷ്‌റ മുസ്‌തഫക്കെതിരെ കീട്‌ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബുഷ്‌റ മുസ്‌തഫ വിദ്യാര്‍ഥികളോട് പ്രത്യേക രീതിയില്‍ വസ്‌ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
മെയ് 2ന് വീഡിയോയ്ക്ക് വേണ്ടി ബുഷ്‌റ മുസ്‌തഫ ആണ്‍കുട്ടികളോട് കുര്‍ത്ത, തൊപ്പി എന്നിവയും പെണ്‍കുട്ടികളോട് സല്‍വാര്‍-കുര്‍ത്ത, ദുപ്പട്ട എന്നിവയും ധരിച്ച് സ്‌കൂളില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ ഹിന്ദു വിഭാഗത്തിന്‍റെ മതവികാരം വ്രണപ്പെടുത്താന്‍ അധ്യാപിക ബോധപൂര്‍വം ശ്രമിച്ചുവെന്നാണ് ആരോപണം. ഡോ. ബുഷ്‌റ മുസ്‌തഫ വർഗീയ ചിന്താഗതിയുള്ള മുസ്‌ലിം സ്‌ത്രീയാണെന്നും വിഎച്ച്പി നേതാവ് ആക്ഷേപിക്കുന്നുണ്ട്.