കോയമ്പത്തൂര്‍: ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥന് 383 വർഷം തടവും 3.32 കോടി രൂപ പിഴയും വിധിച്ച് കോടതി. മുമ്പ് ചേരന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (സിടിസി) എന്ന പേരില്‍ ആയിരിക്കെ ബസുകളുടെ ലേലത്തിന്‍റെ മറവില്‍ ഫണ്ട് ദുരുപയോഗം ചെയ്‌ത സംഭവത്തിലാണ് പ്രതി കോതണ്ഡപാണിക്ക് (82) ഒന്നാം അഡീഷണൽ സബോർഡിനേറ്റ് കോടതി കഠിനമായ ശിക്ഷ വിധിച്ചത്. അതേസമയം ഇത്രയും വലിയ ശിക്ഷ നിലനില്‍ക്കുമ്പോഴും ആത്യന്തികമായി ഒറ്റത്തവണ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ മാത്രമെ പ്രതിക്ക് അനുഭവിക്കേണ്ടതുള്ളു. ബാക്കി ശിക്ഷാ കാലയളവ് തുടരും.
കേസിലേക്ക് ഇങ്ങനെ:1998 നവംബർ ഒമ്പതിനാണ് കോര്‍പറേഷനില്‍ ഫണ്ട് ദുരുപയോഗം സംബന്ധിച്ച് അന്നത്തെ ചേരൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജനറൽ മാനേജർ രംഗസ്വാമി ക്രൈംബ്രാഞ്ച് പൊലീസിൽ പരാതി നൽകുന്നത്. എട്ട് പ്രതികള്‍ ചേര്‍ന്ന് വ്യാജരേഖകൾ തയാറാക്കി 28 ലക്ഷത്തോളം രൂപയുടെ നഷ്‌ടം ചേരൻ ട്രാൻസ്‌പോർട്ട് കോർപറേഷനുണ്ടാക്കി എന്നതായിരുന്നു പരാതി. ലേലത്തില്‍ വിജയിച്ചയാളുകളില്‍ ചിലര്‍ക്ക് 14 ബസുകള്‍ പണമൊന്നും തന്നെ സ്വീകരിക്കാതെയും 44 ബസുകള്‍ പകുതി തുക മാത്രം കൈപ്പറ്റിയും വിട്ടുനല്‍കിയതായും സിടിസി ജിഎം രംഗസ്വാമി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്ന് സിടിസിയില്‍ അസിസ്‌റ്റന്‍റായിരുന്ന കോതണ്ഡപാണി, ഡെപ്യൂട്ടി മാനേജർ രാമചന്ദ്രൻ, നാഗരാജൻ, നടരാജൻ, മുരുകനാഥൻ, ദുരൈസാമി, രംഗനാഥൻ, രാജേന്ദ്രൻ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് കേസിന്‍റെ വാദം കോയമ്പത്തൂർ ഒന്നാം അഡീഷണൽ സബോർഡിനേറ്റ് കോടതിയിൽ നടന്നുവന്നു. കോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ പ്രതികളായ രാമചന്ദ്രൻ, നടരാജൻ, രംഗനാഥൻ, രാജേന്ദ്രൻ എന്നിവർ മരണപ്പെട്ടു. ബാക്കിയുള്ള നാല് പ്രതികളുമായി കേസ് തുടര്‍ന്നു.
കേസില്‍ വിധി ഇങ്ങനെ: അങ്ങനെയിരിക്കെ വെള്ളിയാഴ്ചയാണ് (28.07.2023) കേസിൽ കോടതി വിധിയെത്തുന്നത്. കേസില്‍ മൂന്ന് പ്രതികളെ വിട്ടയച്ച ജഡ്ജി ശിവകുമാർ മുഖ്യപ്രതി കോതണ്ഡപാണിക്ക് കഠിന ശിക്ഷ വിധിക്കുകയായിരുന്നു. പ്രതി ഒന്നിലധികം കുറ്റങ്ങള്‍ ചെയ്‌തതായി തെളിഞ്ഞതോടെ, വഞ്ചനക്കുറ്റത്തിന് കീഴിലുള്ള 47 വകുപ്പുകള്‍ പ്രകാരം 188 വര്‍ഷം തടവും, വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട 47 വകുപ്പുകള്‍ പ്രകാരം 188 വർഷം തടവും ശിക്ഷ വിധിച്ചു. ഇതിനൊപ്പം സർക്കാർ സ്വത്ത് അപഹരിച്ചതിന് ഏഴ് വർഷം തടവും വിധിച്ചു.
കെഎസ്‌ആര്‍ടിസിയില്‍ ടിഎസ്‌ടിസി ഉദ്യോഗസ്ഥര്‍: വർക്ക് ഷോപ്പുകൾ നവീകരിക്കുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ കെഎസ്ആർടിസി കൺസള്‍റ്റൻസിയായി നിയമിച്ചിരുന്നു. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ മുൻ ഓപ്പറേഷൻസ് വിഭാഗം തലവന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് കെഎസ്‌ആര്‍ടിസി കൺസള്‍റ്റൻസിയായി നിയമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ 1200 ബസുകൾ പ്രവർത്തനക്ഷമമല്ലാതെ കട്ടപ്പുറത്താണെന്നും ഇതിൽ പകുതിയോളം ബസുകൾ നിരത്തിലിറക്കിയാൽ തന്നെ മാസ വരുമാനത്തിൽ 25 കോടിയോളം രൂപയുടെ വർധനവുണ്ടാകുമെന്നും തിരിച്ചറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് അന്ന് സിഎംഡിയായിരുന്ന ബിജു പ്രഭാകർ അടങ്ങുന്ന സംഘം ചെന്നൈയിൽ പോയി ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ കൺസള്‍റ്റൻസിയായി നിയമിക്കുന്നതും.