ബെംഗളൂരു : കോടികളുടെ നികുതി വെട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുകേഷ് ചന്ദ്രശേഖറിന്‍റെ ആഢംബര കാറുകൾ ലേലം ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ് (Conman Sukesh Chandrasekhar's Luxury cars to be auctioned). നികുതി പണം തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായാണ് കാറുകൾ ലേലം ചെയ്യുന്നതെന്ന് നികുതി വകുപ്പ് അധികൃതർ അറിയിച്ചു. കാറുകൾ നവംബർ 28ന് ലേലം ചെയ്യാനാണ് തീരുമാനം.
സാമ്പത്തിക തട്ടിപ്പ് കേസിൽ (Sukesh Chandrasekhar Financial Fraud Case) അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ ഇപ്പോൾ ഡൽഹി ജയിലിലാണ്. നിരവധി സ്ഥാപനങ്ങൾക്ക് നികുതി കുടിശ്ശിക വരുത്തിയതിന് സുകേഷിനെ ഇൻകം ടാക്‌സ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. 308 കോടിയുടെ നികുതി കുടിശ്ശികയാണ് സുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതോടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ നികുതി വകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്തവയിൽ ബിഎംഡബ്ല്യു, റേഞ്ച് റോവർ, ജാഗ്വാർ, പോർഷെ, ബെന്‍റ്‌ലി, റോൾസ് റോയ്‌സ്, ലംബോർഗിനി, ഡ്യുക്കാട്ടി ഡയവൽ തുടങ്ങി 12 ആഢംബര കാറുകളും ഉൾപ്പെടുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍റെ പേരിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സുകേഷിനെതിരെയുള്ള ആരോപണം.
മരുന്ന് കമ്പനി പ്രൊമോട്ടറുടെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ ജയിലിൽ കഴിയവെ സുകേഷ് ചന്ദ്രശേഖറിനെ ഇഡി മറ്റൊരു കേസിലും അറസ്റ്റ് ചെയ്‌തിരുന്നു. റെലിഗെര്‍ പ്രമോട്ടറില്‍ നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്ന കേസിലായിരുന്നു എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നടപടി. 2012 മുതൽ 2018 വരെയുള്ള കാലയളവിൽ 308.48 കോടി രൂപയാണ് സുകേഷ് തട്ടിയെടുത്തത്. തമിഴ്‌നാട്, കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ ലേലത്തിനായി ബെംഗളൂരുവിലെത്തിച്ച് ആദായ നികുതി ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്.