ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ, രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ (പിഎസ്‌ബികൾ) പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിനായി പൊതുമേഖല ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ ധനമന്ത്രി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കൂടിക്കാഴ്‌ച.
കൊവിഡ് മൂലം ഭാവിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക തടസങ്ങളെ നേരിടുന്നതിനുള്ള ബാങ്കുകളുടെ തയ്യാറെടുപ്പുകള്‍ യോഗത്തില്‍ ധനമന്ത്രി വിലയിരുത്തിയെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കി. സംരംഭങ്ങള്‍ക്ക് ഈടില്ലാതെ ധനസഹായം നല്‍കുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതിയുടെ (ഇസിഎൽജിഎസ്) വിജയത്തെ നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു.
കൊവിഡ് മൂലം ബുദ്ധിമുട്ട് നേരിടുന്ന മേഖലകളെ പിന്തുണയ്ക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖല, കർഷകർ, റീട്ടെയിൽ മേഖല, എംഎസ്എംഇകൾ എന്നി വിഭാഗങ്ങളെ തുടർന്നും പിന്തുണയ്ക്കണമെന്ന് നിര്‍മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.