ഹൈദരാബാദ്: ജഡ്‌ജിക്കെതിരെ അപകീര്‍ത്തി പരാമർശം നടത്തി കോടതിയലക്ഷ്യ നടപടി നേരിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ വീണ്ടും വിവാദ ട്വീറ്റുമായി കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ജുഡീഷ്യറിക്കെതിരെയാണ് വിവേക് അഗ്‌നിഹോത്രിയുടെ പുതിയ ട്വീറ്റ്. ജസ്റ്റിസ് എസ് മുരളീധറിനെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ രേഖാമൂലം മാപ്പ് അറിയച്ചതിന് തൊട്ട് പിന്നാലെയാണ് സംവിധായകന്‍റെ പുതിയ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
'ഇന്ത്യൻ ജുഡീഷ്യറി: 33 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്, 360 വർഷത്തെ പിന്നാക്കാവസ്ഥ, യുക്തിരഹിതമായ അവധി ദിനങ്ങൾ. എസ്‌സി 193 ദിവസം മാത്രം, ഹൈക്കോടതി 210 ദിവസം, കീഴ് കോടതികൾ 245 ദിവസം (ശരാശരി), നിയമങ്ങളുടെയും വ്യവസ്ഥകളുടെയും പ്രയോഗത്തിൽ സ്ഥിരതയില്ലായ്‌മ, 77% ജനങ്ങളും ഇത് ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണെന്ന് കരുതുന്നു. സമ്മതിക്കുന്നുണ്ടോ?' വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്‌തു.