ഹൈദരാബാദ്: 2022ലെ 67-ാം ഹിന്ദി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. മികച്ച നടനുള്ള അവാര്‍ഡ് രണ്‍വീര്‍ സിങും മികച്ച നടിക്കുള്ള അവാര്‍ഡ് കൃതി സനോണും സ്വന്തമാക്കി. മുന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായ കപില്‍ ദേവിന്‍റെ ജീവിത കഥ പറഞ്ഞ 83യിലെ പ്രകടനമാണ് രണ്‍വീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം മിമി എന്ന ചിത്രത്തിലെ പ്രകടനമാണ് കൃതി സനോണിനെ മികച്ച നടിയാക്കിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച വിക്രം ബത്രയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രം 'ഷേര്‍ഷായാണ് 'മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
സിനിമ ഒരുക്കിയ വിഷ്‌ണു വര്‍ദ്ധനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയത്. പങ്കജ് ത്രിപാഠി, സായ് തംഹങ്കര്‍ എന്നവരാണ് മികച്ച സഹതാരങ്ങള്‍. മിമി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് നടന്‍ വിക്കി കൗശലിനും മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് വിദ്യ ബാലനുമാണ് സ്വന്തമാക്കിയത്.
ഓഗസ്റ്റ് 30ന് മുംബൈയിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ഹിന്ദി സിനിമ ലോകം ഒന്നടങ്കം ഒരു കുടക്കീഴില്‍ ഒത്തുചേരുന്ന കാഴ്‌ചയാണ് അവാര്‍ഡ് ദാന ചടങ്ങില്‍ കാണാനായത്. താരങ്ങളുടെ നൃത്തങ്ങളോടെയാണ് അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് തുടക്കമായത്. രൺവീർ സിങ്ങും അർജുൻ കപൂറുമാണ് അവതാരകരായത്.
പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച സംവിധായകന്‍: വിഷ്‌ണു വര്‍ധന്‍(ഷേർഷ)
മികച്ച നടി (ക്രിട്ടിക്‌സ്): വിദ്യ ബാലന്‍(ലയണസ്)
മികച്ച നടന്‍ (ക്രിട്ടിക്‌സ്): വിക്കി കൗശല്‍(സർദാർ ഉദം)
ബെസ്റ്റ് ആക്‌ടര്‍ ഇന്‍ എ ലീഡിങ് റോള്‍(സ്‌ത്രീ): കൃതി സനോൺ(മിമി)
ബെസ്റ്റ് ആക്‌ടര്‍ ഇന്‍ എ ലീഡിങ് റോള്‍(പുരുഷന്‍ ): രണ്‍വീര്‍ സിങ്(83)
മികച്ച സിനിമ(ക്രിട്ടിക്‌സ്): സര്‍ദാര്‍ ഉദം
മികച്ച സിനിമ(പോപ്പുലര്‍): ഷേർഷ
മികച്ച പുതുമുഖ നടന്‍ : ഇഹാന്‍ ഭട്ട്(99 സോങ്‌സ്)
മികച്ച പുതുമുഖ നടി : ശര്‍വാരി വാഹ്(ബണ്ടി ഓര്‍ ബബ്‌ളി 2)
മികച്ച ഗായകന്‍ : ബി. പ്രാക്
മികച്ച ഗായിക : അസീസ് കൗര്‍