കിബിതു: അരുണാചൽ പ്രദേശിലെ 1,125 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ചൈന അതിർത്തിയിലെ കുടിയേറ്റം തടയുന്നതിനും ജനസഖ്യ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതി ആരംഭിച്ച് കേന്ദ്ര സർക്കാർ. വൈബ്രന്‍റ് വില്ലേജ് പ്രോഗ്രാമിന് (വി.വി.പി) കീഴിലാണ് എല്ലായിടത്തും ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനും ജനസാന്ദ്രത വർധിപ്പിക്കുന്നതിനുമായുള്ള പദ്ധതി ആരംഭിച്ചത്.
3,488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയുടെ മുഴുവൻ ഭാഗത്തും കുടിയേറ്റത്തിന്‍റേയും തത്ഫലമായി ജനസംഖ്യ കുറയുന്നതിന്‍റെയും അനന്തരഫലമായി 'പ്രേത ഗ്രാമങ്ങൾ' ഉണ്ടാകുന്നതിന് പരിഹാരം കാണുന്നതിനായാണ് പുതിയ പദ്ധതി. കുടിയേറ്റം തടയുന്നതിനായി 2022-23 ലെ കേന്ദ്ര ബജറ്റിലാണ് വി.വി.പി പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിക്കായി ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന അതിർത്തിയിലെ 2,300 ഗ്രാമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ അഞ്ച് ജില്ലകളിലായി 990 ഗ്രാമങ്ങൾ വൈബ്രന്‍റ് വില്ലേജ് പ്രോഗ്രാമിന് കീഴിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യ ചൈന അതിർത്തിയിലെ 77 ഗ്രാമങ്ങളും ഉൾപ്പെടുന്നുണ്ട്.
ഈ പദ്ധതി നടപ്പിലാക്കുന്നതിൽ പ്രത്യേകിച്ച് അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യവും ഒരു പ്രധാന പങ്കാളിയാണ്. അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷക്കായി വി.വി.പിക്ക് ഒരു സൈനിക ഘടകവും രൂപപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജനങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് കുടിയേറിപ്പോയത് കാരണം അയൽ രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇവിടേക്ക് എത്തുകയാണെന്ന് അരുണാചൽ പ്രദേശ് സ്‌പീക്കർ പസാംഗ് ദോർജി ഇടിവി ഭാരതിനോട് പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: നിലവിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 17 പേർ മാത്രം വസിക്കുന്ന അരുണാചൽ പ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അരുണാചലിൽ 2011-ൽ 13,82,611 ആയിരുന്നു ജനസംഖ്യ. ഇതിൽ ഏകദേശം 2.7 ലക്ഷത്തോളം (മൊത്തം ജനസംഖ്യയുടെ 20 ശതമാനം) ജനങ്ങൾ അതിർത്തി പ്രദേശത്തെ 41 ബ്ലോക്കുകളിലെ 1600 ഗ്രാമങ്ങളിലായാണ് താമസിച്ചിരുന്നത്.
ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ അഭാവം, ഉപജീവനമാർഗത്തിന്‍റെയോ തൊഴിൽ സ്രോതസുകളുടെയോ അഭാവം എന്നിവയാണ് ജനങ്ങൾ ഇവിടെ നിന്ന് കുടിയേറുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ. ദുർഘടമായ ഉയർന്ന അതിർത്തി പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ താഴ്‌ന്ന മേഖലകളിലേക്ക് കുടിയേറുന്നതോടെ ഇവിടുത്തെ പല പ്രദേശങ്ങളും ആളൊഴിഞ്ഞ് പ്രേത ഗ്രാമങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
സിയാവോകാങ് നയവുമായി ചൈന: അതേസമയം അതിർത്തിയിൽ മറുവശത്ത് ജനങ്ങൾ കുടിയേറി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന പ്രശ്‌നങ്ങൾ നേരിട്ട ചൈന ഇതിന് പരിഹാരം കാണുന്നതിനായി 2017 മുതൽ ഒരു 'സിയാവോകാങ്' ഗ്രാമ നയം പിന്തുടരുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൈവരിക്കാൻ ലക്ഷ്യമിട്ടിരുന്ന മിതമായ സമ്പന്ന സമൂഹങ്ങളെയാണ് 'സിയാവോകാങ്' എന്നതിലൂടെ സൂചിപ്പിക്കുന്നത്.
ഈ പദ്ധതിയിലൂടെ 2020 വരെ 21 അതിർത്തി പ്രദേശങ്ങളിലായി ഏകദേശം 30 ബില്യണ്‍ യുവാൻ (4.6 ബില്യണ്‍ ഡോളർ) ചിലവഴിച്ച് 628 ആധുനിക ഗ്രാമങ്ങളാണ് ചൈന നിർമ്മിച്ചത്. ഇതുലൂടെ 62,160 കുടുംബങ്ങളിലായി 2,41,835 പേരെ എൻഗാരി, ലഡാക്ക്, നൈൻചി, അരുണാചൽ പ്രദേശിലെ മെചുക തുടങ്ങി മ്യാൻമർ വരെ നീളുന്ന ഇന്ത്യയുടെ ടിബറ്റൻ അതിർത്തിയിലേക്ക് മാറ്റി പാർപ്പിക്കാൻ ചൈനക്കായിട്ടുണ്ട്.
ALSO READ:അരുണാചൽ-ചൈന അതിർത്തിയിൽ നെറ്റ്‌വർക്ക് യുദ്ധം; 4ജിക്കായി ഇന്ത്യ, 5ജി വാഗ്ദാനം ചെയ്ത് ചൈന