റായ്‌ച്ചൂർ: കീറിയ 20 രൂപ നോട്ടിനെ ചൊല്ലി രണ്ട് യുവതികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതിക്ക് ദാരുണാന്ത്യം. കർണാടകയിലെ സിന്ദനൂർ താലൂക്കിൽ ഗീത ക്യാമ്പ് സ്വദേശിയായ രുക്കമ്മയാണ് മരണപ്പെട്ടത്. മല്ലമ്മ, രുക്കമ്മ എന്നീ യുവതികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
കീറിയ 20 രൂപ നോട്ടിനെ ചൊല്ലി സംഘർഷം: കർണാടകയിൽ യുവതിക്ക് ദാരുണാന്ത്യം - Rukkamma Mallamma
മല്ലമ്മയുടെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ രുക്കമ്മയുടെ മകൾക്ക് ബാക്കിയായി കീറിയ 20 രൂപ നോട്ട് നൽകിയതിനെ തുടർന്നുണ്ടായ വഴക്കാണ് സംഘർഷത്തിന് വഴിവെച്ചത്.
ഗീത ക്യാമ്പിൽ കച്ചവടം നടത്തുന്നയാളാണ് മല്ലമ്മ. ഒക്‌ടോബർ 22 ശനിയാഴ്‌ച രുക്കമ്മയുടെ മകൾ മല്ലമ്മയുടെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയിരുന്നു. സാധനങ്ങൾ വാങ്ങിയതിന് ശേഷം കീറിയ 20 രൂപയാണ് മല്ലമ്മ ബാക്കിയായി നൽകിയത്. ഇത് ചോദിക്കാനെത്തിയ രുക്കമ്മയും മല്ലമ്മയും വഴക്കുണ്ടായി.
വഴക്കേറ്റം കയ്യാങ്കളിയിലെത്തുകയും ഇതിനിടെ കടയിലുണ്ടായിരുന്ന പെട്രോൾ സൂക്ഷിച്ചുവെച്ചിരുന്ന കന്നാസ് ഇരുവരുടെയും ദേഹത്ത് പതിച്ചു. തുടർന്ന് കടയിലുണ്ടായിരുന്ന വിളക്കിൽ നിന്നും ഇരുവർക്കും തീപിടിക്കുകയുമായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മല്ലമ്മയെ ബെല്ലാരിയിലെ വിംസ് ആശുപത്രിയിലും രുക്കമ്മയെ റായ്ച്ചൂരിലെ റിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ രുക്കമ്മ 22ന് രാത്രി തന്നെ മരണപ്പെട്ടു. സംഭവത്തിൽ ഇരു യുവതികളുടെ ബന്ധുക്കളും സിന്ദനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.