ഭോപ്പാൽ: കേരളത്തിലെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നുതിനായി പ്രവർത്തിക്കുകയാണ് 82കാരിയായ ദയാബായി. മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയായ ദയാബായി 2018 മുതലാണ് എൻഡോസൾഫാൻ ഇരകളുടെ ഉന്നമനത്തിനായി പ്രവർത്തനം ആരംഭിക്കുന്നത്. ഈ പ്രായത്തിലും ദയാബായിയുടെ പോരാട്ടവീര്യം ഈ വഴി പിന്തുടരാൻ മറ്റുള്ളവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.
കേരളത്തിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി 82-ാം വയസിൽ 18 ദിവസം നിരാഹാര സമരം നടത്തിയ അവർ പോരാട്ടത്തിൽ നിന്ന് പിൻമാറില്ലെന്നാണ് വ്യക്‌തമാക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദയനീയാവസ്ഥയെക്കുറിച്ച് അവരുടെ വാക്കുകൾ - ' കാസർകോട് മേഖലയിലെ സ്ഥിതിഗതികൾ വളരെ ഭയാനകമാണ്.
വർഷങ്ങൾക്ക് മുൻപ് ഹെലികോപ്‌റ്ററുകൾ ഉപയോഗിച്ച് മാരക കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത് കാസർകോടിലെ ജനങ്ങളെ ദുരിതത്തിലാക്കി. മേഖലയിലെ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനികൾ തളിച്ചത് ഭക്ഷ്യ ശൃംഖലയിലെ വിഷബാധയിലേക്ക് നയിച്ചു. ഹൃദയം തകർക്കുന്നതാണ് ദുരിതബാധിത മേഖലയിലെ കാഴ്‌ചകൾ. ജനിച്ചുവീഴുന്ന നവജാത ശിശുക്കൾ മുതൽ 30 വയസ് വരെയുള്ള ആളുകളിൽ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ചില ആളുകളിൽ കാൻസർ പോലെയുള്ള രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്'.
'യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വർഷങ്ങളോളം ഈ മേഖലയിൽ സർക്കാർ എൻഡോസൾഫാൻ കീടനാശിനി ഉപയോഗിച്ചു. ഇത് നവജാത ശിശുക്കൾ മുതൽ 30 വയസ് വരെയുള്ള 10,000 പേരയെങ്കിലും മാനസികവും ശാരീരികവുമായ വിവിധ വൈകല്യങ്ങളിലേക്ക് തള്ളിയിട്ടു. ജനന വൈകല്യങ്ങൾ, ശാരീരിക വൈകല്യങ്ങൾ എന്നിവയെ കൂടാതെ കാൻസർ രോഗത്താലും ഇവർ കഷ്‌ടത അനുഭവിക്കുകയാണ്. രോഗ നിർണയം നടത്താനും ചികിത്സ നൽകാനും വിദഗ്‌ദരായ ഓങ്കോളജിസ്റ്റുകളുടെ സേവനം മേഖലയിൽ അനിവാര്യമാണ്. കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സംസാരിക്കുമെന്നും ഇതിനായി ഡൽഹിയിലേക്ക പോകുമെന്നും അവർ കൂട്ടിച്ചേർത്തു.