ദവനഗെരെ (കർണാടക): നടുറോഡിൽ ഇരു യുവതികൾ തമ്മിൽ തർക്കം, ഒടുവിൽ യുവതിയെ ആക്രമിച്ച ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് മറ്റൊരു യുവതി. കർണാടകയിലെ ദവനഗെരെയിൽ ശാന്തിനഗറിൽ വ്യാഴാഴ്‌ചയാണ് (ഒക്‌ടോബർ 20) സംഭവം. സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥികളാണ് ഇരുവരും.
പ്രണയിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവതി - യുവതികൾ തമ്മിൽ വഴക്ക്
മറ്റൊരു യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിൽ പ്രകോപിതയായി പ്രണയിനിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
യുവതികൾ തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ യുവതി അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത് പങ്കാളിക്ക് ഇഷ്‌ടമാകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവതി പേനാക്കത്തി ഉപയോഗിച്ച് സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ കഴുത്തിനും കവിളിനും കൈക്കും സാരമായി പരിക്കേറ്റു. തുടർന്ന് ആക്രമിച്ച യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആക്രമണം നടത്തിയ യുവതിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു.