ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ അഞ്ചാമത്തെ ആണവോർജ്ജ യൂണിറ്റിന്‍റെ നിർമാണം റഷ്യ ചൊവ്വാഴ്‌ച ആരംഭിച്ചു. റഷ്യൻ ആണവോർജ വകുപ്പായ റൊസാറ്റത്തിന്‍റെ സാങ്കേതിക സഹായത്തോടെയാണ് നിർമാണം. 1,000 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ആറ് യൂണിറ്റുകളാണ് കൂടംകുളം പ്ലാന്‍റിൽ ഉണ്ടാവുക.
Also Read:കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ നാസ ഉപഗ്രഹം ; നൂതന മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍
ഇന്ത്യയിലെ ആദ്യ ലൈറ്റ് വാട്ടർ റിയാക്ടറാണ് കൂടുകുളത്തേത്. ടർബൈൻ കെട്ടിടം, വൈദ്യുതി വിതരണ കെട്ടിടം, അടിയന്തര സുരക്ഷ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും ആണവോർജ്ജ യൂണിറ്റ്. ഓണ്‍ലൈൻ വഴി നടന്ന നിർമാണ ഉദ്ഘാടനത്തിൽ റൊസാറ്റം ഡയറക്ടർ ജനറൽ അലക്സി ലിഖചേവ്, ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രതീകമാണ് കൂടംകുളം പദ്ധതിയെന്നും ഇന്ത്യയുമായി സഹകരിച്ച് അത്യാധുനിക റഷ്യൻ ന്യൂക്ലിയർ പവർ യൂണിറ്റുകൾ സ്ഥാപിക്കാൻ തയ്യാറാണെന്നും ലിഖചേവ് അറിയിച്ചു. 2017 ജൂണിലാണ് കൂടംകുളത്ത് 5, 6 യൂണിറ്റുകൾ സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനിച്ചത്. നിലവിൽ കൂടുംകുളം ആണവ നിലയത്തിലെ 1, 2 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.