പുലിക്കൂട്ടിലിരുന്ന് പുലിക്കുട്ടിയെ സാഹസികമായി രക്ഷപെടുത്തി വനിത ഡോക്‌ടര്‍; കൈയ്യടിച്ച് പൊതുജനം മംഗളൂരു:കിണറ്റില്‍ വീണ ഒരു വയസ് പ്രായമുള്ള പുലിക്കുട്ടിയെ പുലിക്കൂട്ടില്‍ കയറി രക്ഷപെടുത്തി വനിത മൃഗഡോക്‌ടര്‍. മംഗളൂരുവിലെ നിഡ്ഡോഡിയിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് കിണറ്റില്‍ വീണ പുലിക്കുട്ടിയെ രക്ഷിക്കാന്‍ വനം വകുപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടാകാത്തതിനാല്‍ അധികൃതര്‍ മൃഗഡോക്‌ടറെ വിവരമറിയിക്കുകയായിരുന്നു.
കിണറ്റില്‍ വീണ പുലി ഉള്ളിലെ ഗുഹ പോലെ കാണപ്പെട്ട സ്ഥലത്തായിരുന്നു കഴിഞ്ഞിരുന്നത്. വനം വകുപ്പ് കൂട് താഴെയിറക്കി പുലിയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. വനം വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം ഡോക്‌ടര്‍മാരായ മേഘ്‌ന പെമ്മിയാഹ്, പ്രിത്‌വി, നഫീസ, യശസ്‌വി നരാവി തുടങ്ങിയവരാണ് രക്ഷപ്രവര്‍ത്തനത്തിനായി എത്തിയത്. തുടര്‍ന്ന് മയക്കുവെടി നിറച്ച തോക്കുമായി വനം വകുപ്പ് ഒരുക്കിയ കൂടില്‍ കയറി പുലിയെ രക്ഷിക്കാന്‍ ഡോ. മേഘ്‌ന സധൈര്യം കിണറിനുള്ളിലേയ്‌ക്ക് ഇറങ്ങുകയായിരുന്നു.
കൂട്ടില്‍ കയറി കിണറ്റിലേക്ക് ഇറങ്ങിയ ഡോക്‌ടര്‍ മയക്കുവെടി നല്‍കിയതിനെ തുടര്‍ന്ന് പുലിക്കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന്, വനം വകുപ്പ് അധികൃതര്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലേക്കിറങ്ങി പുലിക്കുട്ടിയെ ഡോ. മേഘ്‌ന ഇരുന്നിരുന്ന കൂട്ടിലേക്ക് കയറ്റി. ശേഷം, പുലിക്കുട്ടിയുമായി ഒരേ കൂടില്‍ ഇരുന്ന് ഡോക്‌ടര്‍ പുറത്തേക്ക്.
പുറത്തെടുത്ത പുലിക്കുട്ടിക്ക് കുത്തിവയ്‌പ്പ് നല്‍കി വീണ്ടും അബോധാവസ്ഥയിലാക്കി. പിന്നീട് ഡോക്‌ടര്‍മാര്‍ ചേര്‍ന്ന് പരിശോധന നടത്തിയ ശേഷം പുലിക്കുട്ടിയെ വനത്തിലേക്ക് അയച്ചു. കൂട്ടില്‍ ഇരുന്നുകൊണ്ട് തന്നെ കിണറ്റിനുള്ളിലേക്ക് പോയി പുലിയെ പുറത്തെടുക്കുക എന്നത് പ്രയാസകരമായിരുന്നുവെന്ന് ഡോ. യശസ്‌വി പറഞ്ഞു.
കണക്കുക്കൂട്ടലുകള്‍ തെറ്റിയാല്‍ പുലി ആക്രമിക്കാനുള്ള സാധ്യതയുണ്ട്. ഒരു സ്‌ത്രീയെന്ന നിലയില്‍ ഡോ. മേഘ്‌ന ചെയ്‌തത് പ്രശംസനീയമായ പ്രവര്‍ത്തിയാണെന്ന് ഡോ. യശസ്‌വി ഇടിവി ഭാരതിനോട് പ്രതികരിച്ചു.