ഷിയോപൂർ:മധ്യപ്രദേശിലെ ഷിയോപൂർ കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. പ്രൊജക്‌ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ എത്തിച്ച 20 ചീറ്റകളിൽ മരണമടയുന്ന മൂന്നാമത്തെ ചീറ്റയാണ് പെൺ ചീറ്റപ്പുലി ധീര. വന്യജീവി നിരീക്ഷണ സംഘമാണ് പരിക്കേറ്റ പെൺ ചീറ്റയെ കണ്ടത്. ഗുരുതരമായി മുറിവേറ്റ് കിടക്കുകയായിരുന്നു ചീറ്റ. വെറ്ററിനറി ഡോക്‌ടർമാർ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചത്തു.
കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു; മൂന്ന് മാസത്തിൽ ഇതുവരെ ചത്തത് മൂന്ന് ചീറ്റകൾ - 20 ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചു
പ്രൊജക്‌ട് ചീറ്റയുടെ ഭാഗമായി സൗത്ത് ആഫ്രിക്ക, നമീബ എന്നിവിടങ്ങളിൽ നിന്നാണ് 20 ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്
ഇണ ചേരുന്നതിനായി ധീരക്കൊപ്പം വായു, അഗ്നി എന്നിങ്ങനെ രണ്ട് ആൺ ചീറ്റകളെ തുറന്ന് വിട്ടിരുന്നു. ഇണചേരലിനിടെ ആൺചീറ്റകളുമായുള്ള അക്രമാസക്തമായ ഇടപഴകൽ മൂലമായിരിക്കാം ധീരയ്ക്ക് പരിക്കേറ്റത് എന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു. 'ചൊവ്വാഴ്‌ച ധീര എന്ന പെൺചീറ്റയെ ഒന്നാം നമ്പർ വലയത്തിലും ആൺ ചീറ്റയായ വായുവിനെയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയെയും അടുത്തുള്ള ഏഴാം നമ്പർ ക്ലോസറിലും പാർപ്പിച്ചു വരികയായിരുന്നു. ഇണ ചേരുന്നതിനായി ഇവരെ തുറന്ന് വിട്ടിരുന്നു. ധീര എന്ന പെൺചീറ്റയിൽ കണ്ടെത്തിയ മുറിവുകളുടെ സ്വഭാവത്തിൽ നിന്നും ആൺ ചീറ്റയുമായുള്ള അക്രമാസക്തമായ ഇടപഴകൽ മൂലമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലാകുന്നു. ഇണചേരൽ സമയത്ത് പെൺ ചീറ്റകളോട് ആൺ ചീറ്റകൾ അക്രമാസക്തമായ പെരുമാറ്റം പ്രകടിപ്പിക്കുന്നത് സാധാരണമാണ്. ഇത് തന്നെയാവാം മരണകാരണം' -പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ്‌ലൈഫ്) ജെ എസ് ചൗഹാൻ പറഞ്ഞു.
പ്രൊജക്‌ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ സൗത്ത് ആഫ്രിക്ക, നമീബ എന്നിവിടങ്ങളിൽ നിന്നാണ് 20 ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ സാഷ, ഉദയ് എന്നീ ചീറ്റകൾ അസുഖം ബാധിച്ച് ചത്തിരുന്നു.