ന്യൂഡൽഹി : കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നാണ് മീനാക്ഷി സെൻഗുപ്‌ത എന്ന യുവതിയെ ഇറക്കിവിട്ടത്. ഭാരമുള്ള ഹാൻഡ്ബാഗ് ഓവർഹെഡ് ക്യാബിനിലേക്ക് എടുത്തുവയ്‌ക്കാൻ സഹായിക്കണമെന്ന് ഫൈറ്റ് അറ്റൻഡന്‍റിനോട് സഹായം തേടിയതിന് പിന്നാലെയാണ് അധികൃതർ യുവതിയെ പുറത്താക്കിയത്.
ജനുവരി 30 നായിരുന്നു സംഭവം. ഫ്ലൈറ്റ് അറ്റൻഡന്‍റിനെതിരെ മീനാക്ഷി സെൻഗുപ്‌ത പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിമാനത്തിലേക്കെത്താൻ താനൊരു വീൽചെയർ അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ അത് നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ഡൽഹി പൊലീസിനും സിവിൽ ഏവിയേഷനും നൽകിയ പരാതിയിൽ മീനാക്ഷി സെൻഗുപ്‌ത വ്യക്‌തമാക്കി.
പരാതിയിൽ പറയുന്നതിങ്ങനെ : കാൻസർ രോഗത്തെ തുടര്‍ന്ന് അടുത്തിടെ ശസ്‌ത്രക്രിയ നടത്തിയതിനാൽ ഞാൻ വളരെ ദുർബലയായിരുന്നു. ഭാരമേറിയ ഒന്നും തന്നെ എടുക്കാൻ സാധിച്ചിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫ് എനിക്ക് മികച്ച പിന്തുണ നൽകിയിരുന്നു. വിമാനത്തിൽ കയറാനും എന്‍റെ ഹാൻഡ് ബാഗ് സീറ്റിന്‍റെ വശത്ത് വയ്‌ക്കാനും അവർ എന്നെ സഹായിച്ചു. വിമാനത്തിനുള്ളിലുണ്ടായിരുന്ന എയർ ഹോസ്റ്റസിനോടും ഞാൻ എന്‍റെ ആരോഗ്യ സ്ഥിതി വിശദീകരിച്ചിരുന്നു.
ഹാൻഡ് ബാഗ് ഓവർഹെഡ് ക്യാബിനിൽ വയ്‌ക്കണം എന്ന കാര്യമൊന്നും അപ്പോൾ അവർ പറഞ്ഞിരുന്നില്ല. എന്നാൽ വിമാനം പുറപ്പെടാൻ തുടങ്ങിയപ്പോൾ ഒരു എയർ ഹോസ്റ്റസ് ഹാൻഡ് ബാഗ് ഓവർഹെഡ് കമ്പാർട്ടുമെന്‍റിൽ വയ്‌ക്കണമെന്ന് അറിയിക്കുകയായിരുന്നു. ഭാരം എടുക്കാൻ കഴിയാത്തതിനാൽ ഞാൻ അവരോട് സഹായം അഭ്യർഥിച്ചു. എന്നാൽ അവർ അതിന് വിസമ്മതിക്കുകയും അത് തന്‍റെ ജോലിയല്ലെന്ന് പറയുകയുമായിരുന്നു.