അഹമ്മദാബാദ് (ഗുജറാത്ത്) : വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന കുറ്റത്തിന് പ്രശസ്‌ത വനിത അഭിഭാഷകയായ ഗീതാബെൻ പട്ടേലിനെ അഹമ്മദാബാദിലെ സാറ്റ്‌ലൈറ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. അഹമ്മദാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ജോധ്‌പൂർ ഗ്രാമത്തിന് സമീപമുള്ള 4.5 കോടിയിലധികം രൂപ വിലവരുന്ന ഭൂമി തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സമൻസ് അയച്ചിട്ട് കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
2021ലാണ് ഭൂമി തട്ടിപ്പ് കേസ് ഫയൽ ചെയ്യുന്നത്. ഗീതാബെൻ പട്ടേലിന്‍റെ സഹോദരനാണ് പരാതിക്കാരൻ. വ്യാജ ഒപ്പിട്ട് കോടികൾ വിലവരുന്ന ഭൂമി കൈക്കലാക്കി എന്നായിരുന്നു പരാതി. ഗീതാബെൻ പട്ടേലിനെതിരെയും മറ്റ് ഏഴ് പേർക്കെതിരെയുമാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് ഫയൽ ചെയ്‌തു. പിന്നാലെ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് കോടതിയിൽ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും ഇവർ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് കോടതി തടങ്കൽ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെയാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദിലെ ഗട്‌ലോഡിയയിലെ വസതിയിൽ വച്ചാണ് സാറ്റ്‌ലൈറ്റ് പൊലീസ് ഗീതാബെന്നിനെ അറസ്റ്റ് ചെയ്‌തത്. ഗീതാബെന്നിനെ മറ്റ് ഏഴ് പ്രതികൾക്കൊപ്പം കോടതിയിൽ ഹാജരാക്കും.
കേരളത്തിൽ വന്ന് കൈക്കുലി വാങ്ങി കർണാടക പൊലീസ് : കഴിഞ്ഞ ദിവസം കേരളത്തിൽ വന്ന് കൈക്കൂലി വാങ്ങിയ കേസിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു. ഓഗസ്റ്റ് 16ന് കളമശ്ശേരി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.