തമിഴ് സിനിമയില്‍ തമിഴ് കലാകാരന്‍മാര്‍ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി)യുടെ പ്രസ്‌താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവമായി ഉയരുന്നത്. ഈ സാഹചര്യത്തില്‍ മൗനം വെടിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് ഫെഫ്‌സി. തങ്ങള്‍ സിനിമ താരങ്ങളുടെ കാര്യമല്ല പറഞ്ഞതെന്നും, ദിവസ വേതനക്കാരുടെ കാര്യം മാത്രമാണ് പറഞ്ഞതെന്നും ഫെഫ്‌സി ജനറല്‍ സെക്രട്ടറി സ്വാമിനാഥന്‍ വ്യക്തമാക്കി.
ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ ഫെഫ്‌സി എതിര്‍ക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുകളൊന്നും തങ്ങള്‍ കല്‍പ്പിച്ചിട്ടില്ലെന്നും, പ്രധാന ടെക്‌നീഷ്യന്മാര്‍ വരെ പുറത്ത് നിന്ന് വരാറുണ്ടെന്നും, താരങ്ങളുടെ കാര്യമല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും, അഭിനേതാക്കളെ വിലക്കാന്‍ തങ്ങളുടെ സംഘടനയ്‌ക്ക് അധികാരം ഇല്ലെന്നും ഫെഫ്‌സി വ്യക്തമാക്കി.
'അടിസ്ഥാന രഹിതമായ പ്രചരണങ്ങളാണ് നടക്കുന്നത്. സിനിമയില്‍ 24 തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഞങ്ങളുടേത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ആന്‍ഡ് ലൈറ്റ് എന്ന കമ്പനിയുമായി ദിവസ വേതനക്കാരായ തൊഴിലാളികളുടെ കാര്യം സംബന്ധിച്ച് ഞങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ഭൂരിഭാഗം തമിഴ് സിനിമകളും ഈ കമ്പനിയുടെ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാല്‍ ജോലികളില്‍ ഉള്‍പ്പെടുത്തേണ്ട തമിഴ് തൊഴിലാളികളുടെ കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഇതിനോട് സഹകരിച്ചിരുന്നില്ല. ഒരു വര്‍ഷത്തിന് ഇപ്പുറവും മാറ്റമൊന്നും കാണാത്തതിനാല്‍ ലൈറ്റിംഗ് മേഖലയിലെ 2000ല്‍ അധികം തൊഴിലാളികളുടെ ജീവിത മാര്‍ഗം സംരക്ഷിക്കാനായി ഞങ്ങള്‍ ഈ കമ്പനിയോട് നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു.' -ഫെഫ്‍സി ജനറല്‍ സെക്രട്ടറി സ്വാമിനാഥന്‍ പറഞ്ഞു.