ബാര്‍മര്‍ :രാജസ്ഥാനില്‍ ഉള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ക്കിടയില്‍ വ്യാപിച്ച ചര്‍മ്മമുഴ രോഗം (Lumpy Skin Disease) വന്യജീവികളിലും പകരുന്നുവെന്ന ആശങ്കയില്‍ അധികൃതര്‍. രാജസ്ഥാനില്‍ മാനുകളില്‍ ചര്‍മ്മമുഴ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. ബാര്‍മര്‍ ജില്ലയിലെ വന്യജീവി സംരക്ഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനുകളിലാണ് ചര്‍മ്മമുഴ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ചര്‍മ്മമുഴ രോഗം തന്നെയാണോ ഇത് എന്നത് പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. പത്ത് മാനുകള്‍ ചര്‍മ്മമുഴ രോഗ ലക്ഷണങ്ങളോടെ ചത്തുവെന്ന് വന്യജീവി സംരക്ഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 15 ലധികം മാനുകള്‍ ഗുരുതരാവസ്ഥയിലാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.
എന്താണ് ചര്‍മ്മമുഴ രോഗം? :ഒരുവൈറസ് രോഗമാണിത് (Lumpy Skin Disease). കൊതുകുകളും ഈച്ചകളുമാണ് ഈ രോഗം പടര്‍ത്തുന്നത്. കന്നുകാലികള്‍, മാനുകള്‍ എന്നിവയ്ക്കിടയിലാണ് ഈ രോഗം പ്രധാനമായും കാണപ്പെടുന്നത്.
ചര്‍മ്മമുഴ രോഗം മൂലം തൊലിപ്പുറത്ത് മുഴകള്‍ ഉണ്ടാവുകയും അത് പിന്നീട് വ്രണങ്ങളായി മാറുകയും ചെയ്യും. പനിയും അനുഭവപ്പെടും. വ്രണങ്ങളില്‍ പുഴു വരുന്ന അവസ്ഥയുമുണ്ട്. ഈ രോഗം ബാധിച്ചാല്‍ മൃഗങ്ങള്‍ക്ക് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും വിശപ്പ് കുറയുകയും ചെയ്യുന്നു. കൂടാതെ കാന്നുകാലികളില്‍ പാലും കുറയുന്നു.
ഈയിടെ ഉണ്ടായ ചര്‍മ്മമുഴ രോഗത്തിന്‍റെ വ്യാപനം മൂലം 70,000 കന്നുകാലികളാണ് രാജ്യത്ത് ചത്തൊടുങ്ങിയത്. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് രോഗം പകരില്ല. രാജസ്ഥാനില്‍ 1,10,000 കന്നുകാലികള്‍ക്കാണ് രോഗം പിടിപ്പെട്ടത്, ഇതില്‍ 2,847 കന്നുകാലികളാണ് ഇതുവരെ ചത്തത്.
കന്നുകാലികളില്‍ നിന്ന് വന്യമൃഗങ്ങളിലേക്ക് ചര്‍മ്മമുഴ രോഗം പകരുമോയെന്ന ആശങ്ക ജാര്‍ഖണ്ഡിലെ പലാമു ടൈഗര്‍ റിസര്‍വ് അധികൃതര്‍ക്കുമുണ്ട്. കന്നുകാലികള്‍ റിസര്‍വിന്‍റെ അടുത്ത് വരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് അധികൃതര്‍. മാനുകളെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ടൈഗര്‍ റിസര്‍വില്‍ 250ലധികം ജല സ്രോതസുകളുണ്ട്. ഇവയിലൊന്നിലും കാലികളെ ഇറക്കരുതെന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ഡയറക്‌ടര്‍ കുമാര്‍ അശുതോഷ് ഇടിവി ഭാരതിനോട് പറഞ്ഞു.