ചെന്നൈ:പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ചെന്നൈയിൽ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിയുടെ അച്ഛൻ ആത്മഹത്യ ചെയ്‌തു. കൊല്ലപ്പെട്ട ചെന്നൈ ടി നഗർ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിളായ മാണിക്കത്തെ സൈദാപ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യത്തിൽ വിഷം കലര്‍ത്തി കുടിച്ചാണ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം.
അതേസമയം പ്രതി സതീഷിനെ വ്യാഴാഴ്‌ച അർധ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സതീഷിനെ കണ്ടെത്താൻ ഏഴ് സ്‌പെഷ്യൽ ഫോഴ്‌സ് സംഘത്തെ രൂപീകരിച്ചാണ് തെരച്ചിൽ നടത്തിയത്. ഇയാളെ ഓഗസ്റ്റ് 28 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗം ജീവനക്കാരനാണ് ഇയാൾ.
നാടിനെ നടുക്കിയ കൊലപാതകം: വ്യാഴാഴ്‌ച(13.10.2022) ഉച്ചയോടെ ചെന്നൈ സെന്‍റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. ചെന്നൈയിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ സത്യയെ പ്രതി സതീഷ് ട്രെയിനിന് മുന്നിൽ തള്ളിയിടുകയായിരുന്നു. ഉച്ചയ്ക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ സത്യയെ പ്രതി പിന്തുടർന്ന് വരികയായിരുന്നു.
ALSO READ: പ്രണയാഭ്യർഥന നിരസിച്ചു ; യുവാവ് വിദ്യാർഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു
ഇതിനിടെ റെയില്‍വേ സ്‌റ്റേഷനിൽ വച്ച് ഇരുവരും സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനിടെ പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് സത്യയെ തള്ളിയിടുകയായിരുന്നു. ട്രെയിനിന് മുന്നിലേക്ക് വീണ സത്യ തല തകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു. പ്രതിയായ സതീഷിനെതിരെ നേരത്തെ സത്യ മൂന്ന് തവണ പൊലീസിൽ പരാതി നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
ആരോപണവുമായി ബന്ധുക്കൾ: മരിച്ച സത്യയും പ്രതിയായ സതീഷും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ രണ്ട് മാസം മുന്നേ സത്യ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിരുന്നു. അതിന് ശേഷം ഇരുവരും തമ്മിൽ വഴക്കിടുക പതിവായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഒരു മാസം മുമ്പ് സത്യയുടെ കോളജിൽ എത്തിയ സതീഷ് അവിടെ വച്ചും വഴക്കിട്ട് സത്യയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് മമ്പലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ALSO READ: കോളജ് വിദ്യാർഥിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന യുവാവ് പിടിയിൽ
പിന്നാലെ സത്യയുടെ വീടിനു മുന്നിൽ മദ്യപിച്ചെത്തിയ സതീഷ് വീട്ടുകാരുമായി വഴക്കുണ്ടാക്കിയെങ്കിലും പൊലീസ് ഇയാളെ അനുനയിപ്പിച്ച് പറഞ്ഞയച്ചിരുന്നു. തുടർന്ന് പൊലീസ് ഇരു വീട്ടുകാരെയും വിളിച്ചു വരുത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് രമ്യതയിൽ ആക്കിയിരുന്നു. മുൻ സബ് ഇൻസ്പെക്‌ടറുടെ മകൻ കൂടിയായ സത്യക്കെതിരെ പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും എടുക്കാത്ത പൊലീസിന്‍റെ അനാസ്ഥയാണ് ദുരന്തം വരുത്തിവച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.