സഹര്‍സ(ബിഹാര്‍):നാല് വയസുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ പിതാവ് അറസ്‌റ്റില്‍. ബിഹാറിലെ സഹര്‍സ ജില്ലയില്‍ ഇന്നലെയായിരുന്നു (23.01.23) സംഭവം. ബസ്‌നഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മധേപ്പുര സ്വദേശിയാണ് അറസ്‌റ്റിലായ രാജ്‌കുമാര്‍ സഹിനി. ഞായറാഴ്‌ച (22.01.2022) രാത്രി ഇയാള്‍ ഭാര്യയുമായി കലഹത്തിലേര്‍പ്പെടുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്‌തിരുന്നു.
മര്‍ദനമേറ്റ ഭാര്യ പിണങ്ങിപ്പോവുകയും അയല്‍വാസിയുടെ വീട്ടില്‍ താമസിക്കുകയും ചെയ്‌തു. അതിനു ശേഷം പിറ്റേദിവസം ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇത് മനസിലാക്കിയാണ് രാജ്‌കുമാര്‍ മകളെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം, മൃതദേഹം സമീപത്തെ പുഴയില്‍ വലിച്ചെറിയുകയും ചെയ്‌തിരുന്നു. അല്‍പനേരം കഴിഞ്ഞ്, മൃതദേഹം കണ്ടെത്തി വീടിന് സമീപം കുഴിയെടുത്ത് മൂടിയ ശേഷം പതിവ് പോലെ ഇയാള്‍ ജോലിയ്‌ക്ക് പോയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂചന ലഭിച്ച അയല്‍വാസി രാജ്‌കുമാറിന്‍റെ ഭാര്യയെ വിവരമറിയിക്കുകയും അമ്മയോടൊപ്പം ഗ്രാമത്തിലേയ്‌ക്ക് തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
വീട്ടില്‍ തിരികെയെത്തിയ ഭാര്യ രാജ്‌കുമാറിനോട് കുട്ടിയെ കുറിച്ച് അന്വേഷിച്ചു. രാജ്‌കുമാര്‍ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കലഹത്തെ തുടര്‍ന്ന് ഭാര്യയോടുള്ള രോഷം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് രാജ്‌കുമാര്‍ മൊഴി നല്‍കി. കുറ്റം സമ്മതിച്ച രാജ്‌കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത പൊലീസ്, പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.