റാഞ്ചി : ജാർഖണ്ഡിൽ പിതാവ് എട്ട് വയസുകാരനായ മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ഗിരിദിഹിലെ ബിർനി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ബരാദിഹ് സ്വദേശിയായ ദുലാർ യാദവാണ് ഭാര്യയോടുള്ള ദേഷ്യത്തിന് മകൻ സച്ചിൻ കുമാറിനെ കൊലപ്പെടുത്തിയത്.
കൂലിപ്പണിക്കാരനായ ദുലാര്‍ യാദവ് തിങ്കളാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഭക്ഷണം ചോദിച്ചു. എന്നാൽ ഭക്ഷണം വിളമ്പാൻ അൽപനേരം വൈകിയതിന് പ്രകോപിതനായ ദുലാർ ഭാര്യയുമായി വഴക്കിട്ടു. ഭാര്യയെ മർദിച്ചിട്ടും ദേഷ്യം അടങ്ങാത്തതിനെ തുടർന്ന് മകന്‍ സച്ചിൻ കുമാറിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ സച്ചിൽ മരണപ്പെട്ടു. ദുലാർ യാദവിന് രണ്ട് പെൺമക്കൾ കൂടിയുണ്ട്. മകനെ കൊലപ്പെടുത്തിയ കേസിൽ ദുലാർ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ :ദിവസങ്ങൾക്ക് മുൻപാണ് ഛത്തീസ്‌ഗഡിലെ സിംഗോഡയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും യുവാവ് കൊലപ്പെടുത്തിയത്. സിംഗോഡയിലെ പുട്‌ക ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. അധ്യാപക ദമ്പതികളുടെ മകനായ ഉദിത് ആണ് മാതാപിതാക്കളായ പ്രഭാത് ഭോയി, ജർണ ഭോയി, മുത്തശ്ശി സുലോചന എന്നിവരെ കൊലപ്പെടുത്തിയത്.
മാതാപിതാക്കളെയും മുത്തശ്ശിയേയും കാണുന്നില്ലെന്ന് പറഞ്ഞ് ഉദിത് തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മെയ് എട്ടിന് മാതാപിതാക്കളും മുത്തശ്ശിയും വൈദ്യചികിത്സക്കായി റായ്‌പൂരിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഉദിത് പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് തെരച്ചിൽ ആരംഭിച്ചു.