ബാലാസോര്‍ (ഒഡിഷ):ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്. ബാലാസോറിലെ ജില്ല ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ മാതാവോ ബന്ധുക്കളോ പരാതി നല്‍കിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുമെന്ന് ബാലാസോര്‍ പൊലീസ് സൂപ്രണ്ട് സാഗരിക നാഥ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതി ചന്ദന്‍ മഹാനയ്‌ക്കും ഭാര്യ തന്‍മയിക്കും കഴിഞ്ഞവര്‍ഷം മെയ് ഒമ്പതിനാണ് പെണ്‍കുഞ്ഞ് പിറക്കുന്നത്. പ്രസവാനന്തരം ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം തൻമയിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നീലഗിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ സിംഗ്രി ഗ്രാമത്തിലുള്ള അവരുടെ വീട്ടിലേക്ക് അയച്ചു. ഇയാള്‍ ഇടയ്‌ക്കിടെ ഭാര്യയേയും കുഞ്ഞിനെയും കാണാനായി ഭാര്യവീട്ടിലും എത്തുമായിരുന്നു. അങ്ങനെ തിങ്കളാഴ്‌ചയും (29-05-2023) ചന്ദന്‍ മഹാന ഭാര്യവീട്ടിലെത്തി.
കുളിമുറിയിലേക്ക് പോയ തന്‍മയി കുഞ്ഞിന്‍റെ അലമുറയിട്ടുള്ള കരച്ചില്‍ കേട്ട് വേഗം മുറിയിലേക്കെത്തിയപ്പോള്‍ ഭർത്താവിന്‍റെ കയ്യിൽ ഒരു സിറിഞ്ചും കീടനാശിനിയുടെ കുപ്പിയും ശ്രദ്ധയില്‍പെട്ടു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യമെല്ലാം ഇയാള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും, ഒടുക്കം കുഞ്ഞിനെ വിഷം കുത്തിവച്ചതായി ഇയാള്‍ അറിയിച്ചു. കുഞ്ഞിന്‍റെയും ഭര്‍ത്താവിന്‍റെയും കൈകളില്‍ രക്തത്തിന്‍റെ അംശം കൂടി കണ്ടതോടെ യുവതി വീട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചുവെങ്കിലും നില വഷളായതിനെ തുടർന്ന് ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയുള്ള ബാലാസോറിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.