അമരാവതി:പാമ്പ് കടിയേറ്റ് മരിച്ച ഏഴുവയസുളള മകന്‍റെ മൃതദേഹം, ആംബുലന്‍സ് ഡ്രൈവര്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലെത്തിച്ച് പിതാവ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കെവിബിഐപുരം ലോവര്‍ പുത്തൂര്‍ ഗ്രാമവാസിയായ ചഞ്ചയ്യയുടെ മകന്‍ ബസവയ്യയുടെ മൃതദേഹമാണ് ബൈക്കില്‍ വീട്ടിലെത്തിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ കയ്യൊഴിഞ്ഞു; മകന്‍റെ മൃതദേഹം ബൈക്കില്‍ വീട്ടില്‍ എത്തിച്ച് പിതാവ് - ആംബുലന്‍സ് ഡ്രൈവര്‍
ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് മകന്‍റെ മൃതദേഹം പിതാവ് ഇരുചക്രവാഹനത്തില്‍ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ബസവയ്യക്ക് ഗ്രാമത്തില്‍ നിന്ന് പാമ്പ് കടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ബസവയ്യയെ കെവിബിഐ പുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കാനായി സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചെങ്കിലും അയാള്‍ വിസമ്മതം പ്രകടിപ്പിച്ചു.
മൃതദേഹം വീട്ടിലെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതുക്കൊണ്ട് പിതാവ് ചഞ്ചയ്യ മകനെ ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ചു. ആശുപത്രികളില്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സുകളുടെ അഭാവമാണ് ഈ അവസ്ഥക്ക് കാരണമായതെന്ന് ചഞ്ചയ്യ പറഞ്ഞു.