തിരുവാരൂർ (തമിഴ്‌നാട്) : കുളത്തിൽ വീണ് മരിച്ച രണ്ടര വയസുകാരിയുടെ ഓർമയ്ക്കായി ക്ഷേത്രം നിർമിച്ച് പിതാവ് (Father Built A Temple For His Daughter Who Died At The Age Of Two At Tiruvarur). തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ കൂതനല്ലൂരിനടുത്ത് മേലത്തെരു സ്വദേശി സൗന്ദര പാണ്ഡ്യനാണ് അകാലത്തില്‍ പൊലിഞ്ഞ തന്‍റെ മകള്‍ ശക്തി പ്രജ്ഞയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കി പ്രതിഷ്‌ഠ നടത്തിയത്. മകളെ ദേവിയായി കണക്കാക്കി ശ്രീ ശക്തി പ്രജ്ഞാ അമ്മൻ (Shakti Pragya Amman Temple) എന്ന പേരിലാണ് ക്ഷേത്രം പണിതത്.
കുട്ടിയുടെ രൂപസാദൃശ്യമുള്ള ദേവീ വിഗ്രഹമാണ് ശ്രീകോവിലിലെ പ്രതിഷ്‌ഠ. നാട്ടുകാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം (ഡിസംബർ 11) ക്ഷേത്രത്തിൽ കുംഭാഭിഷേകം അടക്കമുള്ള പ്രതിഷ്‌ഠ ചടങ്ങുകൾ നടന്നു. അഞ്ച് വർഷം മുന്‍പാണ് സൗന്ദര പാണ്ഡ്യന്‍റെയും മഞ്ജുളയുടെയും മകളായ ശക്തി പ്രജ്ഞ കളിച്ചു കൊണ്ടിരിക്കെ വീടിന് സമീപമുള്ള കുളത്തിൽ വീണ് മരിച്ചത്.
തന്‍റെ കുഞ്ഞിന്‍റെ അകാലത്തിലുള്ള വിയോഗം സൗന്ദര പാണ്ഡ്യനെ ദുഃഖത്തിലാഴ്ത്തി. ഇത് മകളെ തന്‍റെ ഹൃദയത്തിൽ ഒരു ദേവതയാക്കി പ്രതിഷ്‌ഠിക്കാന്‍ ആ പിതാവിനെ പ്രേരിപ്പിച്ചു. ഇതിനിടെ തന്‍റെ വീട്ടിലെ പൂജാമുറിയിൽ ശക്തി പ്രജ്ഞയുടെ ഫ്രെയിം ചെയ്‌ത ഫോട്ടോ വച്ച് സൗന്ദര പാണ്ഡ്യന്‍ പൂജിച്ചു തുടങ്ങിയിരുന്നു.