ബെംഗളൂരു :ദേവനഹള്ളിയില്‍ ഇതര ജാതിക്കാരനുമായി പ്രണയത്തിലായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഡല്ലൂര്‍ സ്വദേശിയായ കവനയാണ് (20) മരിച്ചത്. പിതാവ് മഞ്ജുനാഥിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്‌ച (ഒക്‌ടോബര്‍ 11) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം (Father Killed Daughter In Bengaluru).
രാത്രിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന മകളെ മരക്കഷ്‌ണം കൊണ്ട് തലക്കടിച്ചതിന് ശേഷം കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കട നടത്തുന്ന പിതാവ് കടയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് മകളുടെ കഴുത്തറുത്തത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ മഞ്ജുനാഥ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തി (Father Brutally Murdered Daughter).
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ 10) താന്‍റെ പ്രണയത്തെ കുറിച്ച് മകള്‍ പിതാവിനെ അറിയിച്ചത്. എന്നാല്‍ ഇതര ജാതിക്കാരനുമായുള്ള പ്രണയം പിതാവ് നിരസിച്ചു. ഇതോടെ കാമുകനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞു (Murder Case In Bengaluru). തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു (Father Killed Daughter Over Love Affair).
മകളുടെ പ്രണയത്തില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്നും ദുരഭിമാനം ഭയന്നാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ വിശ്വനാഥ്പൂർ പൊലീസ് മഞ്ജുനാഥിനെതിരെ കേസെടുത്തു. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ് (Honor killing Case In Bengaluru).
ഉത്തര്‍പ്രദേശിലും അടുത്തിടെ സമാന സംഭവം : ഫിറോസാബാദില്‍ ഇതര ജാതിക്കാരനെ പ്രണയിച്ച 19 വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പിതാവ് മനോജ് റാത്തോഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ മൂത്ത മകള്‍ രുചി റാത്തോഡാണ് മരിച്ചത്.
രാത്രി വീടിന്‍റെ മുകളിലെ നിലയില്‍ കിടപ്പുമുറിയില്‍ വച്ച് ഈര്‍ച്ചവാള്‍ കൊണ്ടാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മകളെ തെരക്കിയ അമ്മയോട് ഇയാള്‍ മകളെ കൊലപ്പെടുത്തിയ കാര്യം അറിയിച്ചു. ഇതോടെ അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതര ജാതിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം മകള്‍ പിതാവിനെ അറിയിച്ചിരുന്നു. എന്നാല്‍ പിതാവ് പ്രണയം നിരസിച്ചു. പിതാവിന്‍റെ എതിര്‍പ്പ് മറികടന്ന് മകള്‍ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇതില്‍ രോഷാകുലനായാണ് പിതാവ് മകളെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.