വെല്ലൂര്‍ (തമിഴ്‌നാട്):നവജാത ശിശുവിനെ ക്രൂരമായി ആക്രമിച്ച ശേഷം സ്ഥലംവിട്ട് പിതാവ്. കുഞ്ഞിന് തന്‍റെ മുഖച്ഛായയില്ലെന്നറിയിച്ചാണ് ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന മണികണ്‌ഠന്‍ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ആക്രമിച്ച ശേഷം നാടുവിട്ടത്. പിതാവിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് നിലവില്‍ വെല്ലൂര്‍ അടുക്കംപാറ സർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തിവരികയാണ്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ:വെല്ലൂർ ജില്ലയിലെ ആനക്കാട്ട് താലൂക്കിലെ ദേവിചെട്ടിക്കുപ്പം ഗ്രാമനിവാസിയാണ് മണികണ്‌ഠന്‍. ഇന്ത്യൻ നേവിയിൽ ചെന്നൈയിലെ താംബരം സെക്ഷനിലാണ് ഇയാള്‍ ജോലി ചെയ്‌തുവന്നിരുന്നത്. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ സെപ്‌റ്റംബറിലാണ് ഹേമലത എന്ന യുവതിയെ മണികണ്‌ഠന്‍ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ റെട്ടിയൂര്‍ ഗ്രാമത്തിലുള്ള മാതൃവീട്ടിലാക്കി മണികണ്‌ഠന്‍ ജോലിക്കായി തിരിച്ചു.
അങ്ങനെ 26 ദിവസങ്ങള്‍ക്ക് മുമ്പാണ് മണികണ്‌ഠന്‍റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നത്. കുഞ്ഞ് പിറന്ന വാര്‍ത്തയറിഞ്ഞ് മണികണ്‌ഠന്‍ ഉടന്‍ തന്നെ നാട്ടിലേക്കും മടങ്ങി. തുടര്‍ന്ന് പ്രസവാനന്തരം ഭാര്യവീട്ടില്‍ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ഇയാളെത്തി. എന്നാല്‍ കുഞ്ഞിനെ കണ്ടതോടെ ഇയാള്‍ക്ക് ഭാര്യയില്‍ സംശയമുദിച്ചു. കുഞ്ഞ് തന്നെപ്പോലെ അല്ലെന്നും, ഇത് തന്‍റെ കുഞ്ഞല്ലെന്നുമറിയിച്ച് മണികണ്‌ഠന്‍ ഭാര്യയുമായി വഴക്കിടല്‍ ആരംഭിച്ചു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ രോഷാകുലനായ മണികണ്‌ഠന്‍ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്‍റെ കഴുത്തിലും വലത് കൈത്തണ്ടയിലും മുറിവേല്‍പ്പിച്ച് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
മുറിവേറ്റ് ചോരവാര്‍ന്ന് തുടങ്ങിയ കുഞ്ഞ് അലമുറയിട്ട് കരയാനും തുടങ്ങി. ഇതോടെ ഹേമലതയുടെ മാതാപിതാക്കളും ബന്ധുക്കളും കുഞ്ഞിനെ ഉടന്‍ തന്നെ ആനക്കാട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവര്‍ കുഞ്ഞിനെ അടുക്കംപാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിവാഹേതര ബന്ധം സംശയിച്ച് മുമ്പും ആക്രമണം: അടുത്തിടെ ഒഡിഷയിലെ ബാലസോറില്‍ ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് പിതാവ് നവജാത ശിശുവിനെ വിഷം കുത്തിവച്ച സംഭവം അരങ്ങേറിയിരുന്നു. തുടര്‍ന്ന് ബാലസോറിലെ ജില്ല ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ മാതാവോ ബന്ധുക്കളോ പരാതി നല്‍കിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതി ചന്ദന്‍ മഹാനയ്‌ക്കും ഭാര്യ തന്‍മയിക്കും കഴിഞ്ഞവര്‍ഷം മെയ് ഒമ്പതിനാണ് പെണ്‍കുഞ്ഞ് പിറക്കുന്നത്. പ്രസവാനന്തരം ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം തൻമയിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അവരുടെ വീട്ടിലേക്ക് അയച്ചു. പ്രതി ഇടയ്‌ക്കിടെ ഭാര്യയേയും കുഞ്ഞിനെയും കാണാനായി ഭാര്യവീട്ടിലും എത്തുമായിരുന്നു. അങ്ങനെ സംഭവദിവസവും ചന്ദന്‍ മഹാന ഭാര്യവീട്ടിലെത്തി. കുളിമുറിയിലേക്ക് പോയ ഭാര്യ കുഞ്ഞിന്‍റെ അലമുറയിട്ടുള്ള കരച്ചില്‍ കേട്ട് വേഗം മുറിയിലേക്കെത്തിയപ്പോഴാണ് ഭർത്താവിന്‍റെ കയ്യിൽ ഒരു സിറിഞ്ചും കീടനാശിനിയുടെ കുപ്പിയും ശ്രദ്ധയില്‍പെടുന്നത്.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യമെല്ലാം ഇയാള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും, ഒടുക്കം കുഞ്ഞിനെ വിഷം കുത്തിവച്ചതായി ഇയാള്‍ അറിയിക്കുകയായിരുന്നു. ഇതോടെ യുവതി വീട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചുവെങ്കിലും നില വഷളായതിനെ തുടർന്ന് ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയുള്ള ബാലസോറിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു.