ഹരിദ്വാർ : രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബാഗ്‌പത്തിലെ ടിക്രി സ്വദേശിയായ കുൽദീപാണ് അറസ്റ്റിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ സിഡ്‌കുൾ പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഭാര്യ മകളെ മതം മാറ്റാൻ ശ്രമിച്ചതായും ഇതിനെത്തുടർന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നല്‍കി.
കൊലപാതകശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമായാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. അതിനാൽ തന്നെ ഇയാളുമായി പൊലീസിന് വിശദമായി സംസാരിക്കാനായിട്ടില്ല. നിലവിൽ ഇയാൾ ഋഷികേശിലെ ഹയർ സെന്‍റർ എയിംസിൽ ചികിത്സയിലാണ്. പ്രതി സുഖം പ്രാപിച്ച ശേഷം കൊലപാതകത്തെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നും ഇതിന് പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ്എച്ച്ഒ സിദ്‌കുൽ പ്രമോദ് ഉണിയാൽ പറഞ്ഞു.
ക്രൂരമായ കൊലപാതകം : ചൊവ്വാഴ്‌ചയാണ് (23-8-2022) റോഷ്‌നാബാദിന് സമീപമുള്ള ഖല തിര റോഡരികിലെ കുറ്റിക്കാട്ടിൽ രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു ബ്ലേഡ്, രണ്ട് മൊബൈൽ ഫോണുകൾ, ഷൂസ്, ഷർട്ട് എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു.