വാരാണസി (ഉത്തർപ്രദേശ്): ഓടുന്ന ട്രെയിനിൽ നിന്നും വീണ മകളെ രക്ഷിക്കാൻ ചാടിയ അച്ഛനും മകൾക്കും ദാരുണാന്ത്യം. വാരാണസിയിലെ മിർസമുറാദ് പൊലീസ് സ്റ്റേഷന് സമീപമുള്ള ബഹേഡ ഹാൾട്ടിലാണ് ദാരുണ സംഭവമുണ്ടായത്.
മകൾ ട്രെയിനിൽ നിന്നും വീണു, പിതാവ് രക്ഷിക്കാൻ എടുത്തുചാടി; ഇരുവർക്കും ദാരുണാന്ത്യം - ട്രെയിനിൽ നിന്നും വീണ് മരിച്ചു
തിരക്കേറിയ ട്രെയിനിൽ സീറ്റ് കിട്ടാതെ വന്നതോടെ വാതിലിന് സമീപം ഇരിക്കവെയായിരുന്നു അച്ഛനും മകൾക്കും അപകടം സംഭവിച്ചത്.
ഹിര റെയ്‌ൻ (32), ഭാര്യ സറീന, മൂന്ന് വയസുള്ള മകൾ ഭാര്യ സഹോദരൻ എന്നിവർക്കൊപ്പം ഡൽഹിയിൽ നിന്നും ബിഹാറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തിരക്കേറിയ ട്രെയിനിൽ സീറ്റ് കിട്ടാതെ വന്നതോടെ വാതിലിന് സമീപം ഇരിക്കുകയായിരുന്നു കുടുംബം. പെട്ടന്ന് മകൾ ട്രെയിനിൽ നിന്ന് താഴെ വീണതോടെ കുട്ടിയെ രക്ഷിക്കാൻ ഹിരയും പുറത്തേക്ക് എടുത്തുചാടി.
ഉടൻ തന്നെ ഭാര്യ സറീന ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. മറ്റ് യാത്രക്കാർ ഇറങ്ങി കുട്ടിയെ എടുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹിര ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണമടഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും ബന്ധുക്കളെ വിവരമറിയിച്ചതായും മിർസമുറാദ് ഇൻസ്‌പെക്‌ടർ രാജീവ് സിങ് പറഞ്ഞു.