ശ്രീനഗർ: കശ്‌മീർ ഗാസയ്ക്ക് തുല്യമാക്കുമെന്ന വിവാദ പരാമര്‍ശവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്‍റുമായ ഡോ. ഫാറൂഖ് അബ്‌ദുള്ള (Dr. Farooq Abdullah). ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ കശ്‌മീർ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കശ്‌മീരികൾക്ക് ഗാസയിലെ പലസ്‌തീനികളുടെ അതേ ഗതി തന്നെയായിരിക്കുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള മാധ്യമങ്ങളോട് പറഞ്ഞു(Farooq Abdullah Says Kashmiris Will Suffer the Same Fate as Palestinians in Gaza). മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിമാരായ ഇമ്രാൻ ഖാനും നവാസ് ഷെരീഫും ചർച്ചയ്ക്ക് തയ്യാറായിരുന്നിട്ടും കേന്ദ്ര സർക്കാർ അതിന് തയ്യാറായില്ലെന്നും ഫാറൂഖ് അബ്‌ദുള്ള കുറ്റപ്പെടുത്തി.
ഇന്ത്യക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയുമെന്നും അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും പറഞ്ഞ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ (Former Prime Minister Atal Bihari Vajpayee) ഉപദേശം കേന്ദ്രസർക്കാർ മാനിക്കണമെന്നും അബ്‌ദുള്ള പറഞ്ഞു. യുദ്ധത്തിലൂടെയല്ല ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എവിടെയാണ് ചർച്ചയെന്നും അദ്ദേഹം ചോദിച്ചു (India - Pakistan Dialogues).
നവാസ് ഷെരീഫ് (Nawaz Sharif) അടുത്ത പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും ഫാറൂഖ് അബ്‌ദുള്ള ചൂണ്ടിക്കാട്ടി. അദ്ദേഹം നിരന്തരം ചർച്ച ആവശ്യപ്പെടുന്നുണ്ടെന്നും എന്തുകൊണ്ടാണ് സർക്കാർ മിണ്ടാത്തതെന്നും അബ്‌ദുള്ള പരിഭവിച്ചു. പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ കൊല്ലപ്പെടാതിരുന്നതിൽ ദൈവത്തിന് നന്ദിപറഞ്ഞ ഫാറൂഖ് അബ്‌ദുള്ള, അദ്ദേഹം ഇനിയും തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രത്യാശയും മാധ്യമങ്ങളോട് പങ്കുവച്ചു.
ഏതാനും ദിവസം മുൻപ് സൈനികർ കസ്റ്റഡിയിലെടുത്ത മൂന്ന് കശ്‌മീരി യുവാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവനകൾ. യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയാലോ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാലോ നീതി നടപ്പാവില്ലെന്ന് അബ്‌ദുള്ള പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.