മുംബൈ : കേന്ദ്രസർക്കാരിന്‍റെ വിവാദ നിയമങ്ങൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് കർഷക യൂണിയനായ അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി.
കഴിഞ്ഞ ഏഴ് മാസമായി ഡല്‍ഹി അതിർത്തിയിൽ കർഷകർ സമരം തുടരുകയാണ്. കർഷക വിരുദ്ധ, കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പൂർണമായും റദ്ദാക്കണമെന്നും, ഉത്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവില നല്‍കണമെന്നുമാണ് കർഷകരുടെ ആവശ്യം.
സംസ്ഥാന സർക്കാരിനോട് പറയാനുള്ളത്
മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള മഹാസഖ്യത്തിലെ മൂന്ന് പാർട്ടികളും (ശിവസേന, കോണ്‍ഗ്രസ്, എൻസിപി) കർഷക സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം നിർണായക വഴിത്തിരിവിലാണ്.
പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കുന്നതിലൂടെ ഉറച്ചതും വ്യക്തവുമായ നിലപാട് സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറാകണം.
കാര്‍ഷിക മേഖലയെ കോർപ്പറേറ്റ് വത്ക്കരിക്കാൻ ശ്രമം
പുതിയ ഭേദഗതികൾ കാർഷിക മേഖലയെ കോർപ്പറേറ്റ്‌വത്കരിക്കാനുള്ള ആദ്യപടിയാണെന്ന് സമിതി വ്യക്തമാക്കി. കാർഷിക മേഖലയിലെ ഈ ഭേദഗതികളിൽ നിന്ന് നേട്ടമുണ്ടാക്കാൻ കോർപ്പറേറ്റുകൾക്ക് സാധിക്കും.
അവര്‍ ഇതിനായി ഏറെ നാളായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിയമങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് തടസമായിരുന്നു. പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ അത് മാറുമെന്നും കർഷകർ പറയുന്നു.
also read:കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത്
കൃഷിക്കാരുടെ ചങ്ങലകൾ തകർക്കുന്നു എന്ന വ്യാജേന കേന്ദ്ര സർക്കാർ അവതരിപ്പിച്ച നിയമങ്ങൾ വാസ്തവത്തിൽ ഈ കോർപ്പറേറ്റുകളുടെ വഴിയിലെ തടസങ്ങൾ നീക്കുന്നതിനുള്ള ബോധപൂർവമായ നടപടിയാണ്.
ഇത് കാർഷിക മേഖലയില്‍ കോർപ്പറേറ്റുകളുടെ കുത്തക സൃഷ്ടിക്കും, അവർക്ക് ഇഷ്ടമുള്ള രീതിയിൽ കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനും കർഷകർക്ക് സംരക്ഷണം നിഷേധിക്കാനും പരിധിയില്ലാത്ത അധികാരം നൽകുമെന്നും കര്‍ഷകർ പറയുന്നു.