ബിഹാറിലെ ബക്‌സറില്‍ പൊലീസിന് നേരെ കര്‍ഷക രോഷം ബക്‌സര്‍: താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബിഹാറില്‍ അക്രമമായി. ബക്‌സറില്‍ കര്‍ഷകര്‍ പൊലീസ് വാന്‍ അഗ്‌നിക്കിരയാക്കി. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും കര്‍ഷകര്‍ തകര്‍ത്തു.
പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു കര്‍ഷകന്‍റെ വീട്ടില്‍ അര്‍ധരാത്രി പൊലീസ് അതിക്രമിച്ച് കടന്ന് വീട്ടുകാരെ മര്‍ദിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് കര്‍ഷകര്‍ അക്രമാസക്തരായത്. കര്‍ഷകര്‍ വൈദ്യുത നിലയത്തിലെ നിര്‍മാണങ്ങളും തകര്‍ത്തെന്ന് ബക്‌സര്‍ എസ്‌പി മനീഷ് കുമാര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് പരിശ്രമിക്കുകയാണെന്നും ഉടന്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി ആറ് റൗണ്ട് പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിവന്നു. സത്‌ലജ് ജല്‍ വിദ്യുത് നിഗമിന്‍റെ ഉടമസ്ഥതയിലുള്ള ചൗസയിലെ താപവൈദ്യുത നിലയത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിക്ക് ന്യായമായ വില നല്‍കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന തങ്ങള്‍ക്ക് നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. സത്‌ലജ് ജല്‍ വിദ്യുത് നിഗമിന്‍റെ പ്രവേശനകവാടവും കര്‍ഷകര്‍ അഗ്‌നിക്കിരയാക്കി.
2010-11 കാലത്താണ് അന്നത്തെ വിപണി വിലയ്‌ക്ക് സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് താപ വൈദ്യുത നിലയത്തിനായി കര്‍ഷകരില്‍ നിന്ന് ഭൂമി ബുക്ക് ചെയ്യുന്നത്. 2022ലാണ് കമ്പനി കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചത്. എന്നാല്‍ കര്‍ഷകര്‍ പറയുന്നത് ഇപ്പോഴത്തെ വിപണി വില ലഭിക്കണമെന്നാണ്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ കര്‍ഷകരുടെ പ്രതിഷേധം നടക്കുകയാണ്.