തെങ്കാശി (തമിഴ്‌നാട്):തമിഴ്‌നാട്ടിലെ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മയേകുന്ന കാഴ്‌ചയാണ് നോക്കെത്താദൂരത്തോളം പാടങ്ങളില്‍ വിരിഞ്ഞ് നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സൂര്യകാന്തി പൂക്കള്‍ കൂടുതലായും കൃഷി ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൂര്യകാന്തി കൃഷിയില്‍ നിന്നും മുന്‍പ് ലഭിച്ചിരുന്ന ആദായം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
തേനീച്ചയുടെ എണ്ണത്തിലുണ്ടായ കുറവ് സൂര്യകാന്തി കൃഷിയേയും ബാധിച്ചു. ഇതോടെയാണ് നിലവിലെ പ്രതിസന്ധിക്ക് ഒരു പരിഹാരമെന്ന നിലയില്‍ സൂര്യകാന്തി പൂക്കളില്‍ കൃത്രിമ പരാഗണം നടത്താന്‍ തെങ്കാശി ജില്ലയിലെ സാമ്പുവർ വടകരൈയിലെ കര്‍ഷകര്‍ തീരുമാനിക്കുന്നത്, പിന്തുണയുമായി കൃഷി വകുപ്പും ഒപ്പം നിന്നു. അടുത്തടുത്ത് നില്‍ക്കുന്ന പൂക്കളുടെ മധ്യഭാഗം കൂട്ടി ഉരസുകയും പ്രത്യേക തുണികള്‍ ഉപയോഗിച്ച് പൂക്കള്‍ക്ക് മുകളില്‍ കൂടി ഉരസി വിടുകയുമാണ് കൃത്രിമ പരാഗണത്തിലൂടെ ചെയ്യുന്നത്.
ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കും: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാഗണം നടത്താന്‍ ആവശ്യമായ തേനീച്ചകളില്ല. ഇതിനെ തുടര്‍ന്നാണ് കൃത്രിമ പരാഗണം ആരംഭിച്ചതെന്ന് തെങ്കാശി സെങ്കോട്ടൈ മണ്ഡലത്തിലെ ഡെപ്യൂട്ടി കൃഷി ഓഫിസര്‍ ഷെയ്‌ഖ് മൊഹിദീന്‍ വിശദീകരിച്ചു. കീടനാശിനിയുടെ ഉപയോഗം വര്‍ധിച്ചതും കാലാവസ്ഥ വ്യതിയാനവും മൂലം ലോകത്തെ തേനീച്ചയുടെ എണ്ണത്തില്‍ (ബീ പോപ്പുലേഷന്‍) കുറവുണ്ടായതായി ശാസ്‌ത്രജ്ഞർ പറയുന്നു.
കൃത്രിമ പരാഗണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കുമെന്നാണ് കര്‍ഷകർ അവകാശപ്പെടുന്നത്. 'കഴിഞ്ഞ എട്ട് വര്‍ഷമായി നാല് ഏക്കര്‍ പാടത്ത് ഞാന്‍ സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്. കൃഷിയില്‍ നിന്നുള്ള ആദായം വളരെ മോശമാണ്, ഇക്കാര്യം കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അവരാണ് കൃത്രിമ പരാഗണത്തെ കുറിച്ച് പറയുന്നത്', കര്‍ഷകനായ കെ ശിവണ്ണന്‍ പറഞ്ഞു.