ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ആരംഭിച്ചതിന് ശേഷം നടക്കുന്ന ആറാമത്തെ ചര്‍ച്ചയാണ് ധാരണയാകാതെ പിരിഞ്ഞിരിക്കുന്നത്. ജനുവരി നാലിന് അടുത്ത ഘട്ട ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.
നിലപാടിലുറച്ച് കര്‍ഷകരും സര്‍ക്കാരും; ചര്‍ച്ച വീണ്ടും പരാജയം
ആറാമത്തെ ചര്‍ച്ചയാണ് ധാരണയാകാതെ അവസാനിച്ചിരിക്കുന്നത്. ജനുവരി നാലിന് വീണ്ടും ചര്‍ച്ച. കര്‍ഷകര്‍ പ്രധാനമായും ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്
കര്‍ഷകര്‍ പ്രധാനമായും ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വൈദ്യുതി നിയന്ത്രണ ബില്‍ പിൻവലിക്കുമെന്നും വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനുള്ള ശിക്ഷ ഒഴിവാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഒപ്പം നിയമം പൂര്‍ണമായും പിൻവലിക്കാനാകില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പകരം ഭേദഗതികള്‍ ആകാമെന്ന നയം വീണ്ടും അവതരിപ്പിച്ചു. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികളും വ്യക്തമാക്കി.
ഭേദഗതികള്‍ അജണ്ടയാക്കി ചര്‍ച്ചയ്ക്കില്ലെന്നും നിയമം പൂര്‍ണമായി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും കര്‍ഷക നേതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചു. അതിനിടെ ഡല്‍ഹിയിലെ കാലാവസ്ഥ പരിഗണിച്ച് കുട്ടികളും പ്രായമായ സ്ത്രീകളും വീട്ടിലേക്ക് മടങ്ങണമെന്ന് കര്‍ഷകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.