നമ്മുടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രശസ്തമായ ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യത്തിലൂടെ അദ്ദേഹം രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന ജവാന്‍മാരുടേയും മണ്ണിനേയും ഭൂമിയേയും പരിപോഷിക്കുന്ന കര്‍ഷകരുടേയും അധ്വാനത്തെ ശ്ലാഘിക്കുകയാണ് ചെയ്തത്. നമ്മുടെ സമൂഹത്തില്‍ കര്‍ഷകര്‍ വഹിക്കുന്ന പങ്ക് എത്ര മാത്രം വലുതാണെന്ന് വെളിവാക്കുന്നതായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ വിഖ്യാതമായ ആ മുദ്രാവാക്യം. കര്‍ഷകരെന്നത് കേവലം നിലമുഴുവുന്നവര്‍ മാത്രമല്ല, നമ്മുടെ ഭക്ഷ്യ സുരക്ഷയുടെ കാവല്‍ഭടന്മാര്‍ കൂടിയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ലഭിക്കുന്ന പരിഗണനയും സഹായവും ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്.
കര്‍ഷകരുടെ പ്രാധാന്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നതല്ലാതെ സംതൃപ്തരായ കര്‍ഷകരാണ് സമ്പല്‍ സമൃദ്ധമായ രാജ്യത്തിന്‍റെ ആധാര ശിലയെന്ന് നയരൂപീകരണം നടത്തുന്നവര്‍ മറന്നു പോവുകയാണ്. 2024- 25 ഏപ്രില്‍ മാസം വിളവെടുപ്പിനൊരുങ്ങുന്ന 6 റാബി വിളകള്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം കേന്ദ മന്ത്രിസഭ യോഗം തീരുമാനമെടുത്തിരുന്നു. ക്വിന്‍റലിന് 150 രൂപവെച്ച ഗോതമ്പിന് അധിക താങ്ങുവില അനുവദിച്ചതാണ് ഏറ്റവും പ്രധാനം. ബാര്‍ലിയുടെ മിനിമം താങ്ങുവില ക്വിന്‍റലിന് 115 രൂപ വര്‍ദ്ധിപ്പിച്ചു. വെള്ളക്കടലക്ക് താങ്ങുവില ക്വിന്‍റലിന് 105 രൂപയും സൂര്യകാന്തി എണ്ണയുടേത് 150 രൂപയും കടുകിന്‍റേത് 200 രൂപയും തുവരപ്പരിപ്പിന്‍റേത് 425 രൂപയും ഉയര്‍ത്തി.
നമുക്കാവശ്യമുള്ള തുവരപ്പരിപ്പിന്‍റെ 15 ശതമാനവും ഇറക്കുമതിയാണെന്നിരിക്കെയാണ് അതിന്‍റെ താങ്ങുവില ഗണ്യമായി വര്‍ധിപ്പിച്ചത്. അപ്പോഴും അതിനെയൊക്കെ നിഷ്ഫലമാക്കുന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്. താങ്ങു വില നിശ്ചയിക്കുന്ന രീതി കാലാകാലങ്ങളായി പഴഞ്ചന്‍ രീതിയില്‍ത്തന്നെ തുടരുകയാണ്. ഈ സംവിധാനം ശക്തിപ്പെടുത്താന്‍ നിയോഗിച്ച 29 അംഗ കമ്മിറ്റിക്കും സംവിധാനം മെച്ചപ്പെടുത്തുന്നതിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
യഥാര്‍ത്ഥ കൃഷിച്ചെലവ് കുറച്ച് കാണുന്നതും ചെലവില്‍ത്തന്നെ വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന അന്തരം കാണാതെ പോകുന്നതും പണപ്പെരുപ്പവും വിലക്കയറ്റവും ഗൗനിക്കാതെ പോകുന്നതും വളം വിലയില്‍ വരുന്ന വന്‍ കുതിപ്പ് കാണാതെ പോകുന്നതും പ്രധാന ന്യൂനതകളാണ്. വിത്ത് വിലയിലും കര്‍ഷക തൊഴിലാളികളുടെ കൂലിയിലുമുണ്ടായ വര്‍ധന പരിശോധിക്കാന്‍ ബാധ്യതപ്പെട്ട (CACP) കമ്മിഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് അക്കാര്യം അവഗണിച്ചതോടെ താങ്ങു വില നിര്‍ണ്ണയം പാഴ് വേലയായി. കൃഷിച്ചെലവ് മുഴുവനായും പരിഗണിക്കാതെ താങ്ങുവില നിശ്ചയിച്ചത് കാര്‍ഷിക സമൂഹത്തോടുള്ള ക്രൂര പരിഹാസമായി മാത്രമേ കാണാനാവൂ.
കാര്‍ഷിക മേഖലയുമായുള്ള നമ്മുടെ അഭേദ്യമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്ന് വൈ.കെ അലഗ് കമ്മിറ്റി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. വില നിര്‍ണ്ണയ സംവിധാനത്തിലെ പോരായ്മകള്‍ പ്രൊഫസര്‍ അഭിജിത് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും വിമര്‍ശിക്കപ്പെട്ടിരുന്നു. വില നിര്‍ണ്ണയ സംവിധാനത്തിലെ വീഴ്ചകള്‍ കാരണം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 2000 മുതല്‍ 2017 വരെ നേരിട്ട നഷ്ടം 45 ലക്ഷം കോടി രൂപയോളമാണെന്നാണ് ഏകദേശ കണക്ക്.