ബെംഗളൂരു: പ്ലാസ്റ്റിക് പൂക്കളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ കാമ്പയിനുമായി കർഷകർ. രണ്ട് ലക്ഷത്തോളം പൂക്കളാണ് കർഷകർ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്‌തത്. പ്രകൃതിദത്തമായ പൂക്കൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് പൂക്കൾ ഉപേക്ഷിക്കാൻ ജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കർഷകർ ഇന്ന് കാമ്പയിൻ നടത്തിയത്.
പൂക്കളോടൊപ്പം സെൽഫിയെടുക്കാൻ സെൽഫി പോയിന്‍റും കാമ്പയിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. ഹോർട്ടികൾച്ചർ വകുപ്പ്, ഇന്‍റർനാഷണൽ ഫ്ലവർ ഓക്ഷൻ സെന്റർ, ഹെബ്ബാള്, ജിഎഫ്സിഐ, അഗ്രി പ്ലാസ്റ്റ്, വിൽപ്പനക്കാരും വാങ്ങുന്നവരും സംയുക്തമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് പൂക്കൾ ഉപയോഗിച്ചാൽ കാർഷിക മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും കാമ്പയിൻ സംഘാടകർ വിശദീകരിച്ചു.
പ്ലാസ്റ്റിക്, സിന്തറ്റിക് പൂക്കളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ പൂക്കൾ വളരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകയാണ്. ഇവിടെ കൃഷി ചെയ്യുന്ന പൂക്കളാണ് വൻതോതിൽ കയറ്റുമതി ചെയ്യുന്നത്. ജൈവവും പ്രകൃതിദത്തവുമായ പൂക്കൾ പ്രോത്സാഹിപ്പിക്കാനും പ്ലാസ്റ്റിക്, സിന്തറ്റിക് പൂക്കൾ ഉപേക്ഷിക്കാനും അഡിഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്‌മെന്‍റ് കമ്മിഷണറുമായ ശാലിനി രജനീഷ് അഭ്യർഥിക്കുന്നു.
പ്ലാസ്റ്റിക്, സിന്തറ്റിക് പൂക്കൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ഉന്നത അധികാരികളുമായി വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയതായും കർഷകർ അറിയിച്ചു. കർണാടകയിൽ ഏകദേശം 38,000 ഹെക്‌ടറിൽ പൂക്കളും 1,500 ഹെക്‌ടറിൽ വാണിജ്യ വിളകളും കൃഷി ചെയ്യുന്നുണ്ടെന്ന് സൗത്ത് ഇന്ത്യ, ഫ്ലവർ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് ടി എം അരവിന്ദ് പറഞ്ഞു.