ജയ്‌പൂർ : രാജസ്ഥാനിൽ കർഷകൻ മകന്‍റെ വിവാഹ ഘോഷയാത്ര സംഘടിപ്പിച്ചത് 51 ട്രാക്‌ടറുകളുമായി. രാജസ്ഥാനിലെ ബാർമറിൽ ഇന്നലെയാണ് വ്യത്യസ്‌തമായ സംഭവം നടന്നത്. ഗുഡമലാനി പ്രദേശത്തെ സാഗ്രാനിയോൻ കി ബേരി സ്വദേശികളായ ജേതാറാമാണ് മകൻ പ്രകാശിന്‍റെ വിവാഹ ഘോഷയാത്ര 51 ട്രാക്‌ടറുകളുടെ അകമ്പടിയോടെ നടത്തിയത്.
വലുതും വിലയേറിയതുമായ വാഹനങ്ങൾ വിവാഹങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണത നിലനിൽക്കെയാണ് ബാർമറിലെ കർഷകൻ വ്യത്യസ്‌തമായ ആശയം മുന്നോട്ടുവച്ചത്. ഒരു കിലോമീറ്റർ നീളുന്നതായിരുന്നു വാഹന വ്യൂഹം. ഘോഷയാത്രയുടെ ഏറ്റവും മുന്നിലായുള്ള ട്രാക്‌ടർ വരൻ തന്നെയാണ് ഓടിച്ചിരുന്നത്.
ഘോഷയാത്ര നയിച്ചത് വരൻ : ശേഷം വധുവിന്‍റെ വീട്ടിലേക്ക് നീങ്ങിയ ട്രാക്‌ടർ ഘോഷയാത്ര കാണാനായി നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. താൻ കർഷക കുടുംബത്തിൽ നിന്നുള്ള ആളാണെന്നും ട്രാക്‌ടർ കർഷകന്‍റെ പ്രതീകമാണെന്നുമായിരുന്നു സംഭവത്തിൽ വരൻ പ്രകാശിന്‍റെ പ്രതികരണം. റോളി സ്വദേശിനിയായ മംമ്‌തയാണ് പ്രകാശിന്‍റെ വധു. 51 ട്രാക്‌ടറുകൾക്ക് പുറമെ 15 ഓളം കർഷകർ തങ്ങളുടെ സ്വന്തം ട്രാക്‌ടറുമായും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു.
ചരിത്രമായ സമൂഹ വിവാഹം :കഴിഞ്ഞ മാസമാണ് രാജസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ വിവാഹം സംസ്ഥാനത്ത് നടത്തിയത്. 2222 ദമ്പതികളാണ് അന്നേ ദിവസം ബതാവ്‌ദയിൽ സംഘടിപ്പിച്ച സർവമത ബഹുജന സമ്മേളനത്തിൽ വിവാഹിതരായത്. 3.25 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ മണ്ഡപത്തിലാണ് വിവാഹം നടന്നത്.